മക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ച് വൃദ്ധദമ്പതികൾ; വീഡിയോ പങ്കുവച്ച് ഇഎസ്പിഎൻ

ലോക്ക് ഡൗൺ കാലത്ത് പലരും പല രീതിയിലാണ് സമയം ചെലവഴിക്കുന്നത്. ചിലർ സിനിമ കാണുമ്പോൾ മറ്റ് ചിലർ സുഹൃത്തുക്കളുമായി വീഡിയോ കോൾ ചെയ്ത് നേരം കളയുന്നു. മറ്റ് ചിലർ വായനക്കായി സമയം മാറ്റിവെക്കുന്നു. പാലക്കാട് സ്വദേശികളായ ഈ വൃദ്ധ ദമ്പതികളാവട്ടെ, മക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചാണ് ലോക്ക് ഡൗൺ കാലം ചെലവഴിക്കുന്നത്. ഇതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ‘കേരളത്തിലെ പാലക്കാട് ജില്ലയിൽ സ്കൂൾ അധ്യാപികയായ ബിന്ദു ഒഴുകിൽ തൻ്റെ ഭർത്താവ് രാമൻ നമ്പൂതിരിക്കും മക്കൾക്കുമൊപ്പം പരമ്പിൽ ക്രിക്കറ്റ് കളിക്കുന്നു.’- വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ ക്രിക്ക് ഇൻഫോ പറയുന്നു.
ദമ്പതിമാർ പരസ്പരം പന്തെറിയുന്നതും ബാറ്റ് ചെയ്യുന്നതും വീഡിയോയിൽ ഉണ്ട്. ഭാര്യ അടിച്ചകറ്റുന്ന പന്ത് ഓടിയെടുക്കുന്ന ഭർത്താവിൻ്റെ കാഴ്ച ചിരി പടർത്തുന്നുണ്ട്.
സംസ്ഥാനത്ത് ഇന്നലെ 13 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 13 ആളുകൾ രോഗമുക്തരായി. കോട്ടയം-6, ഇടുക്കി-4, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഒന്നു വീതം ആളുകൾക്കും ആണ് രോഗബാധ സ്ഥിരീകരിച്ചത്.
രോഗബാധ സ്ഥിരീകരിച്ചവരിൽ അഞ്ച് പേർ തമിഴ്നാട്ടിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്തു നിന്ന് എത്തി. ഒരാൾക്ക് എങ്ങനെ അസുഖം പകർന്നു എന്നത് വ്യക്തമായിട്ടില്ല. അത് പരിശോധിക്കുകയാണ്. മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെയാണ് അസുഖം പകർന്നത്.
രോഗമുക്തരായവരിൽ 6 പേർ കണ്ണൂർ ജില്ലക്കാരാണ്. കോഴിക്കോട് നാലു പേരും തിരുവനന്തപുരം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഓരോരുത്തർ വീതവും രോഗമുക്തരായി.
Story Highlights- viral video, cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here