മെഹുൽ ചോക്സി അടക്കമുള്ളവരുടെ 68,607 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളി

ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മുങ്ങിയ മെഹുൽ ചോസ്കി അടക്കമുള്ള 50 പേരുടെ വായ്പകൾ എഴുതിത്തള്ളി. 68,607 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്. വിവരാവകാശ നിയമപ്രകാരമുള്ള (ആർടിഐ) ചോദ്യത്തിന് മറുപടി പറഞ്ഞു കൊണ്ടാണ് റിസർവ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. ആർടിഐ പ്രവർത്തകൻ സാകേത് ഗോഖലെയാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.

ഫെബ്രുവരി 16 വരെയുള്ള ഇവരുടെ വായ്പാ വിവരങ്ങളാണ് ഗോഖലെ ആവശ്യപ്പെട്ടത്. “ഫെബ്രുവരി 16ന് പാർലമെന്റിൽ ബജറ്റ് സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയുടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങൾക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നൽകാത്തതിനെത്തുടർന്നാണ് വിവരാവകാശപ്രകാരം അപേക്ഷ നൽകിയത്. സർക്കാർ എന്താണോ പുറത്തുവിടാൻ മടിച്ചത്, ആർബിഐ അതിനു ശനിയാഴ്ച മറുപടി നൽകി.”- ഗോഖലെ പറയുന്നു.

പട്ടികയിൽ ഒന്നാമത് നിൽക്കുന്നത് മെഹുൽ ചോക്സിയുടെ ഗീതാഞ്ജലി ജെംസ് ലിമിറ്റഡ് ആണ്. 5,492 കോടി രൂപയാണ് ഗീതാഞ്ജലി ജെംസ് ലിമിറ്റഡിൻ്റെ കടം. ഗീതാഞ്ജലിയുടെ ഗ്രൂപ്പ് കമ്പനികളായ ഗിലി ഇന്ത്യ ലിമിറ്റഡിന് 1,447 കോടിയും നക്ഷത്ര ബ്രാൻഡ്സ് ലിമിറ്റഡിന് 1,109 കോടി രൂപയുമാണ് കടം. പട്ടികയിൽ രണ്ടാമത് ആർഇഐ അഗ്രോ ലിമിറ്റഡ് ആണ്. ഇവർക്ക് 4314 കോടി രൂപ കടമുണ്ട്. ഇതിന്റെ ഡയറക്ടർമാരായ സന്ദീപ് ഝുഝുൻവാലയും സഞ്ജയ് ഝുഝുൻവാലയും ഒരു വർഷമായി എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലാണ്.

മറ്റൊരു രത്നവ്യാപാരിയായ ജതിൻ മെഹ്തയുടെ വിൻസം ഡയമണ്ട്സ് ആൻഡ് ജ്വല്ലറിയാണ് മൂന്നാം സ്ഥാനത്ത്. കടം 4076 കോടി രൂപ. ഇത് സിബിഐ അന്വേഷിക്കുകയാണ്. പഞ്ചാബിലെ ക്യൂഡോസ് കെമി (2,326 കോടി), ബാബാ രാംദേവ് ആൻഡ് ബാലകൃഷ്ണ ഗ്രൂപ്പിന്റെ രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് (2,212 കോടി), ഗ്വാളിയോറിലെ സൂം ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (2,012 കോടി) തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയിൽ ഉണ്ട്. വിജയ് മല്യയുടെ കിംഗ്ഫിഷർ എയർലൈൻസ് 1000 കോടി രൂപയുടെ കുടിശിക വരുത്തിയ കമ്പനികളിൽ ഉൾപ്പെട്ടിട്ടുണ്ട്.

വായ്പാത്തട്ടിപ്പിനെ തുടർന്ന് നാടുവിട്ട ചോക്സി നിലവിൽ ആന്റിഗ്വ ആൻഡ് ബാർബഡോസ് ദ്വീപിലെ പൗരനാണ്.

Story Highlights: Banks Technically Write Off Over Rs 68,000 Cr Loans, Choksi Among 50 Top Wilful Defaulters: RTI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top