കൊവിഡെന്ന് പറഞ്ഞ് തിരിഞ്ഞുനോക്കിയില്ല; ആശുപത്രിയിൽ അമ്മയുടെ ജീവൻ രക്ഷിക്കാൻ സിപിആർ നൽകി മകൻ; ഒടുവിൽ മരണം

ഗുരുതരമായ അവസ്ഥയിൽ ആശുപത്രിയിലെത്തിച്ച 61കാരിയെ തിരിഞ്ഞുനോക്കാതെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. മകൻ കേണപേക്ഷിച്ചിട്ടും മധ്യവയസ്‌കയെ പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. കട്ടിലിൽ ബോധരഹിതയായി വീണ 61കാരിക്ക് മകൻ സിപിആർ നൽകി. എന്നാൽ മകന്റെ കൈയിൽ കിടന്ന് ആ അമ്മ മരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വിവാദമായിരിക്കുകയാണ്.

61കാരിയായ മമത ശർമയാണ് ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി ശ്വാസ സംബന്ധമായ അസുഖം ബാധിച്ച് മമത ശർമ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രി അവരുട ആരോഗ്യനില മോശമായി. തുടർന്ന് മകൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കൊവിഡ് പരിശോധന നടത്താതെ ചികിത്സിക്കാൻ സാധിക്കില്ലെന്ന് ഡോക്ടർ വ്യക്തമാക്കുകയായിരുന്നു.

തുടർന്ന് മമതയെ മകൻ സരോജിനി നായിഡു മെഡിക്കൽ കോളജിൽ എത്തിച്ചു. കാര്യം ചോദിച്ചറിഞ്ഞ ഒരു ഡോക്ടർ അവരോട് ആശുപത്രിയിലെ ഒരു മുറിയിലേയ്ക്ക് ചെല്ലാൻ പറഞ്ഞു. അവിടെ മറ്റൊരു ഡോക്ടറെ കണ്ടു. ആ ഡോക്ടറോട് അമ്മയ്ക്ക് കൊവിഡ് അല്ലെന്നും മൂന്ന് വർഷമായി ഈ പ്രശ്‌നങ്ങളുണ്ടെന്നും ധരിപ്പിപ്പു. ചില പേപ്പറുകൾ പൂരിപ്പിക്കാൻ ഡോക്ടർ ആവശ്യപ്പെട്ടു. അതിന് ശേഷം ഒന്നാം നിലയിലേക്ക് എത്തിയ മമതയെ അവിടെ ക്രമീകരിച്ചിരുന്ന ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. മമത ശർമയെ പരിശോധിക്കാൻ ആരും എത്തിയില്ലെന്നാണ് മകൻ ആരോപിക്കുന്നത്. ഡോക്ടർമാരോ നഴ്‌സുമാരോ ആരും തന്നെ അവരെ സ്പർശിക്കാൻ തയ്യാറായില്ല. ഇതിനിടെ പലതവണ ഡോക്ടർമാരോട് അപേക്ഷിച്ചു. തിങ്കളാഴ്ച പുലർച്ചയോടെ മമത മരിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി ഉത്തർപ്രദേശ് സർക്കാരിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top