കണ്ണൂരിൽ മാധ്യമപ്രവർത്തകനെ മർദിച്ച സംഭവം; സിഐയെ സ്ഥലം മാറ്റി

കണ്ണൂരിൽ മാധ്യമപ്രവർത്തകനെ മർദിച്ച സംഭവത്തിൽ സിഐയെ സ്ഥലം മാറ്റി. ചക്കരക്കൽ സിഐ എ.വി ദിനേശനെയാണ് സ്ഥലം മാറ്റിയത്. കണ്ണൂരിലെ വിജിലൻസ് യൂണിറ്റിലേക്കാണ് ഇദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്.
ദേശാഭിമാനി കണ്ണൂർ ബ്യൂറോയിലെ സീനിയർ എഡിറ്ററായ മനോഹരൻ മോറായിയെ സിഐ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നായിരുന്നു പരാതി.
ഓഫീസിലേക്ക് പോകുന്നതിനിടെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ കടയിൽ സാധനം വാങ്ങാൻ കയറിയപ്പോഴായിരുന്നു സംഭവം. കണ്ണൂർ കോർപറേഷൻ പരിധിയിൽ വരുന്ന മുണ്ടയാട് ഹോട്ട്‌സ്‌പോട്ട് മേഖലയല്ല. എന്നിട്ടും സാധനങ്ങൾ വാങ്ങാൻ നിന്നവരെ സി.ഐ അടിച്ചോടിച്ചു. ഓടാതെ മാറിനിന്ന മനോഹരനെ കൈയേറ്റം ചെയ്യുകയും ലാത്തികൊണ്ട് അടിക്കുകയുമായിരുന്നു. മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞ് അക്രഡിറ്റേഷൻ കാർഡ് കാണിച്ചിട്ടും മനോഹരനെ ജീപ്പിനടുത്തേക്ക് വലിച്ചിഴക്കുകയായിരുന്നു.
സംഭവത്തിൽ മനോഹരൻ മോറായി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമാണ് കടയിൽ വന്ന എല്ലാവരും നിന്നിരുന്നതെന്നും സിഐ അകാരണമായി മർദിച്ചെന്നും മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മനോഹരൻ മോറായി വ്യക്തമാക്കിയിരുന്നു.
Story highlights-chakarakkal ci dineshan transfered to vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here