ഡൽഹിയിൽ കൊവിഡ് ബാധിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 46 ആയി

ഡൽഹിയിൽ കൊവിഡ് ബാധിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 46 ആയി. ആയിരത്തോളം പേരടങ്ങുന്ന മുഴുവൻ ബറ്റാലിയനെയും ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിഴക്കൻ ഡൽഹിയിലെ മയൂർ വിഹാറിലുള്ള 31-ാം ബറ്റാലിയനിൽ കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുകയാണെന്നാണ് റിപ്പോർട്ട്. കൊവിഡ് പോസിറ്റീവായ ജവാന്മാരെ നിലവിൽ മാണ്ഡവലിയിലുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്നലെ ഡൽഹിയിലെ സിആർപിഎഫ് ബറ്റാലിയനിലെ ഒരു ജവാൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. അസം സ്വദേശിയായ 55 കാരൻ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ വച്ചാണ് മരിക്കുന്നത്. പ്രമേഹം, രക്തസമർദം എന്നീ രോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
ഈ മാസം ആദ്യം സിആർപിഎഫിലെ പാരാമെഡിക്ക് യൂണിറ്റിലെ നഴ്‌സിംഗ് അസിസ്റ്റന്റായ ജവാന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 17ന് രോഗലക്ഷണങ്ങൾ കാണിച്ച ഇദ്ദേഹത്തിന്റെ പരിശോധനാ ഫലങ്ങൾ ഏപ്രിൽ 21ന് പോസിറ്റീവാവുകയായിരുന്നു. ഡൽഹി രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. ഏപ്രിൽ 24ന് ഒൻപത് സിആർപിഎഫ് ജവാന്മാർക്ക് കൊവിഡ് പോസിറ്റീവായി. തൊട്ടടുത്ത ദിവസം 15 ജവാന്മാർ കൊവിഡ് പോസിറ്റീവായി.
കൊവിഡ് പടർന്നുപിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ എല്ലാ ഔദ്യോഗിക വാഹനങ്ങളിലും സൈനിറ്റൈസർ മെഷീനുണ്ടെന്ന് ഉറപ്പാക്കണമെന്ന് സിആർപിഎഫ് അധികൃതർ ജവാന്മാരോടെ നിർദേശിച്ചിട്ടുണ്ട്.
Story Highlights- CRPF, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here