ജോയി അറയ്ക്കലിന്റേത് ആത്മഹത്യയെന്ന് ദുബായ് പൊലീസ്

ദുബായിൽ മരിച്ച മലയാളി വ്യവസായി ജോയി അറയ്ക്കലിന്റേത് ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് ദുബായി പൊലീസ്. ഈമാസം 23ന് ദുബായിലെ ബിസിനസ് ബേയിലെ 14 നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇന്ത്യയിൽ നിന്നുള്ള ഒരു വ്യവസായി സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്ന് ചാടി മരിച്ചെന്നും സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയായിരുന്നുവെന്നും ബർ ദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുള്ള ഖാദിം ബിൻ സൊരൂർ ദുബായിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഗൾഫ് ന്യൂസിനോട് വ്യക്തമാക്കി. അതേ സമയം, ഈ മരണത്തിനു പിന്നിൽ സംശാസ്പദമായ കാര്യങ്ങളൊന്നുമില്ലെന്നും ദുബായ് പൊലീസ് വ്യക്തമാക്കി. ദുബായ് ആസ്ഥാനമായ ഇന്നോവ റിഫൈനറി ആന്റ് ട്രേഡിംങ് കമ്പനിയുടെ മാനേജിംങ് ഡയറക്ടറാണ് അറയ്ക്കൽ ജോയി.
കൊറോണ വ്യാപിച്ചതിനെ തുടർന്ന് ക്രൂഡ് ഓയിലിനുണ്ടായ അപ്രതീക്ഷിത വിലത്തകർച്ചയാണ് ജോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ദുബായ് പൊലീസ് പറയുന്നു. മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹം കടുത്ത വിഷാദത്തിലായിരുന്നുവെന്നും പറയുന്നു. ജോയിയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ നാട്ടിലെത്തും. ഇതിനു വേണ്ട എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ ഇടപെട്ട് ചെയ്യും.
യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി 11 കമ്പനികൾ ജോയ് അറയ്ക്കലിനുണ്ടായിരുന്നു. ദുബായ്ക്കു പുറമെ ഷാർജ, റാസൽഖൈമ, ദമാം എന്നിവിടങ്ങളിൽ എണ്ണ ശുദ്ധീകരണശാലകളുണ്ട്.
നാട്ടിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലും ജോയി അറയ്ക്കൽ ശ്രദ്ധാലുവായിരുന്നു. പ്രളയത്തെ തുടർന്ന് വീടു നഷ്ടപ്പെട്ട 25 പേർക്ക് വയനാട്ടിലെ തലപ്പുഴയിൽ വീട് നിർമിച്ചു വരികയായിരുന്നു. വയനാട്ടിലെ ചെറുകിട തേയില കർഷകർക്ക് സഹായമേകിയും ജോയ് അവർക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെ ഏറ്റവും വലിയ വീട് എന്ന വിശേഷണം പേറുന്നതാണ് മാനന്തവാടിയിൽ 45,000 ചതുരശ്ര അടിയിൽ അദ്ദേഹം പണികഴിപ്പിച്ച അറയ്ക്കൽ പാലസ്.
Story highlight: Joey Arakkal suicide, says Dubai Police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here