‘യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച അദ്ദേഹത്തിന് സാധിക്കുന്നില്ല’; വി മുരളീധരനെ കടന്നാക്രമിച്ച് കടകംപള്ളി

യഥാർത്ഥ വസ്തുതകൾ മനസിലാക്കാൻ രാഷ്ട്രീയ തിമിരം ബാധിച്ച വി മുരളീധരന് സാധിക്കുന്നില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വി മുരളീധരന്റെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഗ്രീൻ സോണിലുണ്ടായിരുന്ന കോട്ടയത്തും, ഇടുക്കിയിലും വീണ്ടും കൊവിഡ് ബാധിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് വി മുരളീധരൻ ഇന്നലെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്.
കേന്ദ്രമന്ത്രി എന്ന നിലയിൽ രാജ്യത്താകെ കേരള മാതൃക സ്വീകരിക്കാനാണ് വി മുരളീധരൻ നിർദേശിക്കേണ്ടത്. ഗുജറാത്തിലേക്കൊന്നും കേന്ദ്ര മന്ത്രിയുടെ കണ്ണ് പോകുന്നില്ലെന്നും കേരളത്തിൽ എന്തെങ്കിലും ഉണ്ടോ എന്ന ദുഷ്ടലാക്കാണ് മുരളീധരനെന്നും കടകംപള്ളി തുറന്നടിച്ചു.
അതിർത്തി പങ്കിടുന്ന ജില്ലകളിൽ കാട്ടുപാതയിലൂടെ ആളുകൾ എത്തുന്നതാണ് രോഗം വീണ്ടും വരാൻ കാരണം. മൂന്നാംകിട രാഷ്ട്രീയ നേതാക്കളുടെ നിലവാരത്തിലേക്ക് വി മുരളീധരൻ താഴരുതെന്നും അന്ധമായ രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ സർക്കാരിനെയും ജനങ്ങളെയും അപമാനിക്കരുതെന്നും കടകംപള്ളി പറഞ്ഞു. മുഖ്യമന്ത്രിക്ക് പ്രത്യേക പട്ടം ഒന്നും കൊടുക്കേണ്ട. സർക്കാരിനെ അഭിനന്ദിച്ചില്ലെങ്കിലും അപമാനിക്കരുതെന്നും കടകംപള്ളി കൂട്ടിച്ചേർത്തു.
Read Also :സാലറി കട്ട്; സര്‍ക്കാരിന്റെ തുടര്‍ തീരുമാനം ഇന്നുണ്ടാകും
പ്രവാസികളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയത്തെയും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. വിദേശകാര്യ മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തം മിരളീധരൻ നിർവഹിക്കണമെന്നും പ്രവാസികളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, അധ്യാപക സമൂഹത്തെ അപമാനിച്ചുവെന്ന ആരോപണത്തിന് മറുപടിയും കടകംപള്ളി നൽകി. അധ്യാപക സമൂഹത്തെ താൻ അപമാനിച്ചിട്ടില്ലെന്നും തന്റെ ഭാര്യയും അധ്യാപികയാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ഉത്തരവ് കത്തിക്കുന്നതിനെ കുറ്റം പറയുന്നില്ല. എന്നാൽ കടം ചോദിച്ച സർക്കാരിന്റെ ഉത്തരവ് കത്തിച്ച് ഫേസ്ബുക്കിൽ ഇട്ട് ആഘോഷിച്ചതിനെയാണ് എതിർത്തതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അതിനെയാണ് ആർത്തിപ്പണ്ടാരങ്ങൾ എന്നു പറഞ്ഞത്. അതിൽ ഉറച്ചു നിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights- kadakampally surendran, V muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here