Advertisement

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള മന്ത്രിസഭയുടെ ഓർഡിനൻസ് കോടതിയോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി രാമചന്ദ്രൻ

April 29, 2020
1 minute Read

സ്റ്റേ ചെയ്ത ഹൈക്കോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാനുള്ള മന്ത്രിസഭാ തീരുമാനം കോടതിയോടുള്ള വെല്ലുവിളിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കഴിഞ്ഞ ദിവസമാണ് നിർബന്ധിതമായി ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള സർക്കാർ നീക്കം തടഞ്ഞ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും ഇത് ഫാസിസ്റ്റ് ശൈലിയാണെന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ മുല്ലപ്പള്ളി വ്യക്തമാക്കി. കൂടാതെ പെരിയാ ഇരട്ടകൊലപാതക കേസ് വാദിക്കാനായി കൊണ്ടുവന്ന അഭിഭാഷകർക്ക് വേണ്ടി ചെലവാക്കിയ പണത്തിന്റെ കാര്യവും ഹെലിക്കോപ്റ്റർ ഇടപാടും മുല്ലപ്പള്ളി പരാമർശിച്ചു. സിപിഐഎം കേന്ദ്ര കമ്മറ്റിയോട് തൊഴിലാളികളുടെ സാലറി പിടിക്കുന്നതില്‍ നിലപാട് വ്യക്തമാക്കാനും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ 2001 ലെ എ കെ ആന്റണി മന്ത്രിസഭ ജീവനക്കാരുടെ ഡി എ വെട്ടികുറച്ചതിനെതിരെ 41 ദിവസം സമരം ചെയ്തവരാണ് ഇന്ന് ജീവനക്കാരെ അവഹേളിക്കാനും അപമാനിക്കാനും രംഗത്ത് വരുന്നത്. അന്ന് പൊലീസ് സ്റ്റേഷൻ മാർച്ചും കുത്തിയിരുപ്പും നടത്തിയ നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തിലെ പരിഹാസ്യമായ ഒരേടാണിതെന്ന് മുല്ലപ്പള്ളി പറഞ്ഞു

സർക്കാർ ജീവനക്കാരുടെ ആനുകൂല്യം വെട്ടിക്കുറയ്ക്കുന്നതിനെതിരെ തമിഴ്നാട്ടിൽ ഇടതു സർവീസ് സംഘടന ശക്തമായി രംഗത്തുവന്നിട്ടുണ്ട്. തൊഴിലാളി വർഗപാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎമ്മിന്റെ കേന്ദ്ര നേതൃത്വം നിലപാട് എന്താണെന്ന് വ്യക്തമാക്കണം.

പെരിയ ഇരട്ടക്കൊലക്കേസിലെ സിബിഐ അന്വേഷണം അട്ടിമറിക്കാനായി സർക്കാർ പുറത്തുനിന്ന് കൊണ്ടുവന്ന അഭിഭാഷകരുടെ ബിസിനസ് ക്ലാസ് വിമാനയാത്രാക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ലും നൽകാൻ ഖജനാവിൽ നിന്ന് തുക അനുവദിച്ച കാര്യവും മുല്ലപ്പള്ളി പരാമര്‍ശിച്ചു. നേരത്തെ ഇവരുടെ ഫീസിനത്തിൽ 88 ലക്ഷം രൂപ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ആകാശയാത്രക്കായി ഹെലികോപ്റ്റർ വാടകയ്ക്കെടുത്ത വകയിൽ ഒന്നേമുക്കാൽ കോടിയാണ് പ്രതിമാസം ഖജനാവിന് നഷ്ടം. ഇതിനെല്ലാം പുറമെ മുഖ്യമന്ത്രിക്കായി എട്ട് ഉപദേശകർ, അധികമായി നാല് കാബിനറ്റ് പദവി, സെപ്ഷ്യൽ ലെയ്സൺ ഓഫീസർ, മുഖ്യമന്ത്രിയുടെ പ്രതിച്ഛായ വർധിപ്പിക്കാനും സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാനും സ്വകാര്യ പി ആർ ഏജൻസികളുടെ സേവനം, ഭരണപരിഷ്‌ക്കാര കമ്മീഷൻ തുടങ്ങി സർക്കാരിന്റെ അനാവശ്യ ചെലവുകളും മുല്ലപ്പള്ളി എടുത്തുപറഞ്ഞു.

പാഴ്ചെലവുകൾ നിയന്ത്രിക്കുന്നതിനോ കിട്ടാനുള്ള നികുതി പിരിച്ചെടുക്കാനോ സർക്കാരിന് കഴിയുന്നില്ല. നികുതി കുടിശിക 30000 കോടിക്കും വാറ്റ് കുടിശിക 13000 കോടിക്കും മുകളിലുണ്ട്. പിണറായി സർക്കാർ കടം എടുത്ത് ധൂർത്ത് നടത്തുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഒന്നരം ലക്ഷം കോടി രൂപയായിരുന്നു കേരളത്തിന്റെ കടബാധ്യതയെങ്കിൽ നാലുവർഷം കൊണ്ട് ഇടതുസർക്കാർ മൂന്നര ലക്ഷം കോടിയിലെത്തിച്ചു.

Story highlights-mullappally ramachandran, salary challenge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top