മുംബൈ മേയർ നഴ്‌സ് ആയി ആശുപത്രിയിൽ

മുംബൈ മേയർ വീണ്ടും നഴ്‌സായി ആശുപത്രിയിൽ. കൊവിഡ് രോഗം മുംബൈയിൽ വ്യാപിക്കുന്ന സാഹചര്യത്തിലാണ് മേയർ കിഷോരി പെഡ്‌നേകർ വീണ്ടും നഴ്‌സിന്റെ കുപ്പായം എടുത്തണിഞ്ഞത്. കഴിഞ്ഞ ദിവസമാണ് സർക്കാരിന്റെ ബിവൈഎൽ നായർ ആശുപത്രിയിലേക്ക് നഴ്‌സായി അവർ എത്തിയത്.
നഴ്‌സ് വേഷം കിഷോരി അഴിച്ച് വച്ച് 28 വർഷമായിരുന്നു. പിന്നീട് അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. മുൻപ് ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവർ ജോലി ചെയ്തിരുന്നത്.
കൂടാതെ നഴ്‌സിംഗ് വിദ്യാർത്ഥികളോട് മേയർ തന്റെ ചിന്തകൾ പങ്കുവച്ചു. എത്ര മഹത്തരമായ ജോലിയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനെ കുറിച്ചും അവർ കുട്ടികളോട് സംസാരിച്ചു. ബുദ്ധിമുട്ടിലുള്ള രോഗികളെയും കുടുംബത്തെയും എങ്ങനെ സമീപിക്കാമെന്നതിന് ടിപ്‌സും കിഷോരി കുട്ടികൾക്ക് നൽകി. കൊവിഡ് സ്ഥിരീകരിച്ച ജേർണലിസ്റ്റുകളുമായി ഇടപഴകിയതിനാൽ മേയർ ഏപ്രിൽ 22ന് ക്വാറന്റീനിൽ പോയതായിരുന്നു. ശേഷം മേയറെ കാണുന്നത് നഴ്‌സ് വേഷത്തിലും. കൊവിഡ് പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതിന് ശേഷമാണ് മേയർ വീണ്ടും പൊതുസ്ഥലത്ത് എത്തിയത്. ആരോഗ്യ പ്രവർത്തകർക്ക് ആത്മ വീര്യം പകരാനും അവരുടെ പ്രശ്‌നങ്ങൾ മനസിലാക്കുവാനുമാണ് കിഷോരി നഴ്‌സായി ആശുപത്രിയിലെത്തിയത്. കിഷോരി മേയർ ആയത് കഴിഞ്ഞ നവംബറിലാണ്. 58 വയസുള്ള മേയർ മൂന്ന് തവണ ശിവസേനയുടെ മുനിസിപ്പൽ കോർപറേറ്ററായിരുന്നു.
mumbai, nurse, mumbai mayor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here