എനിക്ക് പ്രചോദനമായത് ഇർഫാൻ ഖാൻ; കുറിപ്പുമായി ഫഹദ് ഫാസിൽ

കഴിഞ്ഞ ദിവസം അന്തരിച്ച ബോളിവുഡ് നടൻ ഇർഫാൻ ഖാന് ആദരാഞ്ജലി അർപ്പിച്ച് നടൻ ഫഹദ് ഫാസിൽ. സിനിമയിൽ അഭിനയിക്കാനുള്ള തൻ്റെ പ്രചോദനം ഇർഫാൻ ആയിരുന്നു എന്ന് ഫഹദ് പറയുന്നു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പത്രക്കുറിപ്പിലാണ്ബ് ഇർഫാൻ ഖാനെപ്പറ്റി ഫഹദ് വാചാലനായത്.
ഫഹദിൻ്റെ പത്രക്കുറിപ്പ്:
ഒരുപാട് ഒരുപാട് വർഷങ്ങൾക്കു മുൻപാണ്, ഏത് വർഷമാണെന്ന് കൃത്യമായി ഓർമയില്ല. അമേരിക്കയിലെ പഠനകാലമാണ്. ക്യാംപസിനുള്ളിലായിരുന്നു ഞാൻ താമസം. അതുകൊണ്ടുതന്നെ അന്ന് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ അധിക സാധ്യതകളുണ്ടായിരുന്നില്ല. അതിനാല്‍ എന്റെ സുഹൃത്ത് നികുഞ്ജും ഞാനും എല്ലാ ആഴ്ചയും ക്യാംപസിനടുത്തുള്ള പാക്കിസ്ഥാനി കടയിൽ പോയി ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് വാങ്ങുമായിരുന്നു.
ഒരിക്കല്‍ ആ കടയിലെ ഖാലിദ് ഭായി ഞങ്ങള്‍ക്കൊരു സിനിമ നിർദേശിച്ചു. ‘യൂ ഹോതാ തോ ക്യാ ഹോതാ’ എന്ന സിനിമ. നസീറുദ്ദീന്‍ ഷാ സംവിധാനം ചെയ്ത സിനിമ എന്ന നിലയിലാണ് ഞാൻ ആ സിനിമയെ ആദ്യം ശ്രദ്ധിക്കുന്നത്. അങ്ങനെ ഡിവിഡി വാടകക്ക് എടുത്തു.
സിനിമ തുടങ്ങി അല്‍പ്പം കഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്ന കഥാപാത്രം വന്നു. ആരാണിയാള്‍ എന്ന് ഞാന്‍ നികുഞ്ജിനോട് ചോദിച്ചു. കാരണം, തീക്ഷ്ണത നിറഞ്ഞതും സ്റ്റൈലിഷ് ആയതുമായ അഭിനേതാക്കൾ ഉണ്ട്. എന്നാൽ ഇതാദ്യമായാണ് ‘യാഥാർത്ഥ്യത്തോടെ’ അഭിനയിക്കുന്ന ഒരു നടനെ തിരശീലയിൽ കാണുന്നത്. അയാളുടെ പേരായിരുന്നു ഇര്‍ഫാന്‍ ഖാന്‍.
ഞാന്‍ വളരെ വൈകിയായിരിക്കും അദ്ദേഹത്തെ കണ്ടെത്തുന്നത്. എന്നാൽ ലോകത്തിന് അദ്ദേത്തെ കണ്ടുപിടിക്കാൻ അധിക സമയം വേണ്ടി വന്നില്ല. ഝുംപാ ലാഹിരിയുടെ നെയിംസേക്ക് സിനിമയായപ്പോള്‍ അതിലെ അശോകിന്റെ വേഷം അവതരിപ്പിക്കുന്നത് ഇര്‍ഫാനെണന്നറിഞ്ഞ് എല്ലാവരും അദ്ഭുതപ്പെട്ടു.
ജനപ്രിയമായ ഒരു പാട്ട് പോലെയായിരുന്നു ഇര്‍ഫാന്റെ വളര്‍ച്ച. എല്ലാവരും അത് അനുഭവിച്ചറിയുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കാണുമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയത്തിൽ മുഴുകിപ്പോയതിനാൽ പലപ്പോഴും സിനിമയുടെ കഥ പോലും ശ്രദ്ധിക്കാൻ ഞാൻ മറന്നു പോകുമായിരുന്നു. സത്യത്തിൽ, ഇർഫാൻ ഖാൻ സ്ക്രീനിൽ ഉള്ളിടത്തോളം സമയം സിനിമയുടെ കഥ എനിക്ക് അത്ര സുപ്രധാനമായിരുന്നില്ല. സിനിമാഭിനയം എളുപ്പമുള്ള പണിയാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു. പക്ഷേ, ഞാൻ സ്വയം വിഡ്ഢി ആവുകയായിരുന്നു. ഇര്‍ഫാൻ ഖാനെ കണ്ടെത്തിയതോടെ എൻജിനിയറിങ് പാതി നിർത്തി സിനിമയിലഭിനയിക്കാന്‍ ഞാൻ ഇന്ത്യയിലേക്ക് തിരിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അഭിനയിക്കുകയാണ്. അല്ലെങ്കിൽ അതിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇര്‍ഫാനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. എന്നാല്‍ അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത പലരുമായും എനിക്ക് ജോലി ചെയ്യാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ആദ്യം സംസാരിച്ചത് മക്ബൂല്‍ സിനിമയെക്കുറിച്ചായിരുന്നു.
എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ ഇര്‍ഫാനൊപ്പം സ്വന്തം നാട്ടില്‍ ഒരു സിനിമ ചെയ്തപ്പോഴും സിനിമാ തിരക്കുകൾ മൂലം എനിക്ക് അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചില്ല. അദ്ദേഹത്തിനൊരു ഹസ്തദാനം നല്‍കാന്‍ കഴിയാത്തതില്‍ എനിക്ക് ഖേദമുണ്ട്. ഒരിക്കലെങ്കിലും ബോംബെയിൽ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.
പകരം വെക്കാനില്ലാത്ത കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നഷ്ടത്തെക്കുറിച്ച് എനിക്ക് സങ്കൽപിക്കാൻ മാത്രമേ കഴിയൂ. അദ്ദേഹത്തിന്റെ വേർപാടിൽ ശൂന്യത അനുഭവപ്പെടുന്ന തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും കുറിച്ച് ഖേദം തോന്നുന്നു. നമുക്ക് അദ്ദേഹത്തെ വേണ്ടതു പോലെ ലഭിച്ചില്ല. റൂമിേലയ്ക്ക് ഓടിയെത്തി എന്റെ ഭാര്യ ഈ വാർത്ത പറയുമ്പോൾ അത് കേട്ട് ഞാൻ ഞെട്ടിപ്പോയെന്നു പറയുന്നത് നുണയാകും. കാരണം, ചെയ്തുകൊണ്ടിരുന്ന് അതുപോലെ തന്നെ ഞാൻ തുടർന്നു കൊണ്ടിരുന്നു. പക്ഷേ, ഈ ദിവസം മുഴുവൻ ഞാൻ അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ജീവിതത്തില്‍ എന്നും ഓര്‍മ്മയിലുണ്ടായിരുന്ന ഒരാളെയാണ് നഷ്ടമായത്. എന്നും ഞാൻ അദ്ദേഹത്തോട് കടപ്പെട്ടവനാണ്. എന്റെ കരിയര്‍ ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുകയാണ്. അന്ന് ആ ഡിവിഡി എടുത്ത് ആ നടനെ കണ്ടില്ലായിരുന്നെങ്കിൽ ഞാൻ ഇന്ന് ഇവിടെ എത്തുമായിരുന്നില്ല. അദ്ദേഹം എന്റെ ജീവിതം തന്നെ മാറ്റി മറിച്ചു. നന്ദി സർ!
Story Highlights: fahadh faasil mourns in the death of irrfan khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here