Advertisement

ഒരു വര്‍ഷത്തിനകം 3,000 കോടി രൂപ കാര്‍ഷിക മേഖലയില്‍ ചെലവഴിക്കും: മുഖ്യമന്ത്രി

April 30, 2020
Google News 1 minute Read

കൊവിഡ് അനന്തര കാലത്തെ അതിജീവനത്തിന്റെ മാര്‍ഗങ്ങളില്‍ ഏറ്റവും പ്രധാനമായി കാണുന്നത് കൃഷിയെ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് തരിശ് കിടക്കുന്ന ഭൂമിയില്‍ പൂര്‍ണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ് പദ്ധതി അടുത്ത മാസം മുതല്‍ നടപ്പാക്കുകയാണ്. ഒരു വര്‍ഷത്തിനകം 3,000 കോടി രൂപ കാര്‍ഷിക മേഖലയില്‍ ചെലവഴിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തരിശുഭൂമിയാകെ കൃഷിചെയ്യുന്ന രീതിയില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ വകുപ്പിനും കൃഷിവകുപ്പിനും പറമെ മൃഗസംരക്ഷണം, ക്ഷീരവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയില്‍ വിവിധ തലത്തില്‍ പങ്കാളികളാകും. കാര്‍ഷിക മേഖലയ്ക്ക് പുതുജീവന്‍ നല്‍കി കൃഷിക്കാരുടെ വരുമാനം വര്‍ധിപ്പിക്കുക, യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരാനിടയുള്ള പ്രവാസികളെ കൂടി കാര്‍ഷിക രംഗത്തേക്ക് കൊണ്ടുവരിക എന്നിവയും കൃഷിവകുപ്പ് നേതൃത്വം നല്‍കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

കന്നുകാലി സമ്പത്തിന്റെ വര്‍ധന, പാലിന്റെയും മുട്ടയുടെയും ഉത്പാദന വര്‍ധന, മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തല്‍ എന്നീ ഘടകങ്ങളും പദ്ധതിയുടെ ഭാഗമാണ്. പദ്ധതി നടപ്പാക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാര്‍ഷിക പദ്ധതിയില്‍ മെയ് 15ന് മുമ്പ് ആവശ്യമായ മാറ്റം വരുത്തും. കൃഷി ചെയ്യുന്നവര്‍ക്ക് വായ്പയും സബ്‌സിഡിയും മറ്റു പിന്തുണയും നല്‍കും. പച്ചക്കറി ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കുന്നതോടൊപ്പം, ശീതീകരണ സംവിധാനത്തിന് വ്യക്തമായ പദ്ധതിയുണ്ടാകും.

ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാര്‍ഷിക ചന്തകള്‍ സംഘടിപ്പിക്കും. ചന്ത സംഘടിപ്പിക്കുന്നതിന് കാര്‍ഷിക സംഘങ്ങള്‍ക്കും കുടുംബശ്രീ പോലുള്ള ഏജന്‍സികള്‍ക്കും സര്‍ക്കാര്‍ സഹായം നല്‍കും. കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവര്‍ധനവിന് വ്യവസായ വകുപ്പിന്റെ പദ്ധതി നടപ്പിലാക്കും. ഭക്ഷ്യോത്പാദന വര്‍ധനവിനും കാര്‍ഷിക മേഖലയില്‍ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും. യുവജന പ്രാതിനിധ്യം ഉറപ്പാക്കാന്‍ ക്ലബ്ബുകളുടെ രജിസ്‌ട്രേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Story Highlights: Cm Pinarayi Vijayan,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here