കൊവിഡ് 19 സ്ഥിരീകരിക്കുന്നത് സർക്കാർ മറച്ചുവെക്കുന്നതായി സംശയം; ആർഎസ്പി

കൊവിഡ് 19 രോഗം സ്ഥിരീകരിക്കുന്നത് സർക്കാർ മറച്ചുവെക്കുന്നതായി സംശയമുണ്ടെന്ന് ആർഎസ്പി. ആർഎസ്പി ദേശീയ കമ്മറ്റി അംഗവും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ ആണ് സംസ്ഥാന സർക്കാരിനെതിരെ രംഗത്തെത്തിയത്. രോഗം സ്ഥിരീകരിക്കുന്നതിലെ മെഡിക്കൽ പ്രോട്ടോക്കോൾ എന്തെന്ന് സർക്കാർ വ്യക്തമാക്കണം. എത്ര ടെസ്റ്റുകൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ജനങ്ങളെ അറിയിക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു
കൊല്ലത്തെ കൊവിഡ് 19 രോഗികളുടെ കാര്യത്തിൽ ദുരൂഹതയുണ്ടെന് ഷിബു ബേബി ജോൺ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ആർഎസ്പി പ്രാദേശിക നേതാവ് കൂടിയായ ചാത്തന്നൂർ പഞ്ചായത്തംഗത്തെ സ്രവ പരിശോധനയുടെ ഫലം വന്നതിന് പിന്നാലെ ബുധനാഴ്ച രാത്രി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ഇന്നലെ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപിച്ച രോഗികളുടെ പട്ടികയിൽ ഇയാൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ കൊല്ലത്തെ പരിശോധന ഫലത്തിന്റെ രേഖകൾ പുറത്തുവിടണമെന്ന് ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
എപ്പോഴാണ് കൊവിഡ് പൊസിറ്റീവ് അന്തിമമായി പ്രഖ്യാപിക്കുക എന്ന കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി ആവശ്യപ്പെട്ടു. കൊവിഡിൻ്റെ മറവിൽ സർക്കാർ പ്രതിപക്ഷത്തിൻ്റെ അവകാശങ്ങളെ നിഷേധിക്കുന്നതായും നേതാക്കൾ ആരോപിച്ചു.
ഇന്നലെ രണ്ട് പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം, കാസര്‍ഗോഡ് സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നയാളാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 14 പേരാണ് രോഗമുക്തരായത്. പാലക്കാട് നാല് പേരും കൊല്ലം ജില്ലയില്‍ മൂന്നുപേരും കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ വീതവും പത്തനംതിട്ട മലപ്പുറം കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരും രോഗമുക്തരായി.
Story Highlights: rsp against state government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here