മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം; കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു

മഹാരാഷ്ട്രയിൽ സ്ഥിതി അതീവ ഗുരുതരം. ഇന്ന് മാത്രം 1008 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 11,000 കടന്നു. കൊവിഡ് മൂലം 26 പേരാണ് ഇന്ന് സംസ്ഥാനത്ത് മരിച്ചത്. മുംബൈയിലും പൂനെയിലും രോഗവ്യാപനം അതിരൂക്ഷമായി തുടരുകയാണ്. 751 പേർക്കാണ് മുംബൈയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കൊവിഡ് കേസുകളാണ് ഇന്നത്തേത്. 11,506 ആയിരിക്കുന്നു സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം. 26 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 485 ആയി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് മുംബൈയിലാണ്. 751 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 7625 ആയി. 295 പേർ ഇതുവരെ മരിച്ചു. പൂനെയിൽ 1860 പേരാണ് രോഗബാധിതരായി ഉള്ളത്. മരണസംഖ്യ 99 ആയി. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചതിൽ 80 ശതമാനം പേർക്കും രോഗലക്ഷണം പ്രകടിപ്പിച്ചില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപേ പറഞ്ഞു.
രോഗവ്യാപനം അതിരൂക്ഷമായ മുംബൈയിൽ 55 വയസിന് മുകളിലുള്ള ജീവനക്കാരോട് ജോലിയിൽ നിന്ന് വിട്ടുനിൽക്കാനും , രണ്ടാഴ്ച വീട്ടിൽ തന്നെ തുടരാനും ബിഎംസി നിർദേശിച്ചു. ഇതിനിടെ മഹാരാഷ്ട്രയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി നടത്തിയ കൊവിഡ് രോഗിയും മരിച്ചു. ഇതോടെ വൈറസിനെതിരെയുള്ള പ്ലാസ്മാ ചികിത്സ പരാജയപ്പെടുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. അതിഥി തൊഴിലാളികൾക്കായി നാട്ടിലേക്ക് മടങ്ങാൻ നാസിക്കിൽ നിന്ന് ലക്‌നൗവിലെക്കും ഭോപ്പാലിലെക്കും ട്രെയിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Story highlight: Situation in Maharashtra is serious; The number of covid casualties crossed 11000
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here