11.45 കോടി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾക്ക് ഓർഡർ നൽകി കേന്ദ്രം

11.45 കോടി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഗുളികകൾക്ക് കേന്ദ്രം ഓർഡർ നൽകിയതായി റിപ്പോർട്ട്. രണ്ട് ഇന്ത്യന്‍ കമ്പനികൾക്കാണ് ഓർഡർ നൽകിയിരിക്കുന്നത്. ഐപിസിഎ ലബോറട്ടറീസ്, സിഡസ് കാഡില എന്നീ കമ്പനികൾക്കാണ് ഓർഡർ നൽകിയത്. 6.64 കോടി ഗുളിക ഇതുവരെ ലഭിച്ചു. ഈ മാസം 16-നകം ബാക്കി മരുന്ന് ലഭിക്കുമെന്നാണ് വിവരം. 6.64 കോടിയിൽ 4.3 കോടി ഗുളികകൾ സംസ്ഥാനങ്ങളിൽ വിതരണം നടത്തി. ബാക്കി കേന്ദ്രത്തിന്റെ കൈയിലാണ്. ചില സംസ്ഥാനങ്ങൾ നിർമാതാക്കളിൽ നിന്ന് നേരിട്ട് 3.8 കോടി ഗുളികകൾ വാങ്ങി. ഗുളിക നിർമാതാക്കളിൽ നിന്ന് ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡ് ലൈഫ്കെയറാണ് (എച്ച്എൽഎൽ)കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് വേണ്ടി ഗുളികകൾ ശേഖരിക്കുന്നത്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുളള ആരോഗ്യ സംരക്ഷണ കമ്പനിയാണിത്.
30 ലക്ഷം ഗുളികകൾ ഇന്ത്യ 87 വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിട്ടുണ്ട്. ഹൈഡ്രോക്സിക്ലോറോക്വിന്റെ ഉത്പാദനം കേന്ദ്ര സർക്കാർ കഴിഞ്ഞ മാസം 30 കോടിയായി ഉയർത്തിയിരുന്നു. 16 കോടി ഗുളികകളാണ് വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്. മലേരിയക്ക് ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ കൊവിഡ് രോഗികളിലും ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. ഡ്രഗ് കണ്ട്രോളർ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയ മരുന്നാണിത്. മരുന്ന് കയറ്റുമതിക്കായി അമേരിക്ക, ബ്രസീൽ, അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചിരുന്നു. ലോകാരോഗ്യ സംഘടന മരുന്നും മറ്റും കയറ്റുമതി നടത്തിയതിനും സഹായം നൽകിയതിനും ഇന്ത്യയെ അഭിനന്ദിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here