കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു

ചുമട്ടു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അടച്ച കോട്ടയം മാര്‍ക്കറ്റ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു. മാര്‍ക്കറ്റിനെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു. രോഗം ബാധിച്ച രണ്ടു ചുമട്ടു തൊഴിലാളികളുമായും നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരുടെ സാമ്പിള്‍ പരിശോധനയില്‍ വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി മാര്‍ക്കറ്റ് തുറക്കാന്‍ തീരുമാനിച്ചത്. അഗ്‌നിരക്ഷാ സേന രണ്ടു തവണ ഇവിടെ അണുനശീകരണം നടത്തിയിരുന്നു.
ജില്ലയിലെ മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ വ്യാപാരികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. അംഗീകൃത വ്യാപാര സ്ഥാപനങ്ങള്‍ക്കാണ് പ്രവര്‍ത്തനാനുമതി. ആദ്യ ഘട്ടത്തില്‍ മൊത്ത വ്യാപാരം മാത്രമായിരിക്കും അനുവദിക്കുക. ചില്ലറ വ്യാപാരികള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകാം.
ലോറികളില്‍ എത്തിക്കുന്ന പച്ചക്കറി ലോഡുകള്‍ ഇറക്കുന്നതിന് പുലര്‍ച്ചെ നാലു മുതല്‍ ആറുവരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ആറു മുതല്‍ എട്ടുവരെ പലചരക്ക് ഇനങ്ങള്‍ ഇറക്കാം. ഈ സമയക്രമം പാലിച്ചുമാത്രമേ ലോറികള്‍ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കൂ. എല്ലാ ലോറികളും മാര്‍ക്കറ്റിലേക്ക് പ്രവേശിക്കും മുമ്പ് അണുനശീകരണം നടത്തും. ലോഡ് ഇറക്കിയാലുടന്‍ ലോറികള്‍ മാര്‍ക്കറ്റില്‍നിന്ന് പുറത്തു പോകേണ്ടതാണ്. ലോറി ഡ്രൈവര്‍മാര്‍ക്കും ലോഡിംഗ് തൊഴിലാളികള്‍ക്കും ഭക്ഷണം ഹോട്ടലുകളില്‍നിന്ന് പാഴ്‌സലായി എത്തിച്ചു നല്‍കാം.
മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം വഹിക്കുന്നതിന് ഇന്‍സിഡന്റ് കമാന്‍ഡറായ കോട്ടയം തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബുവിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Story Highlights: coronavirus, kottayam, Lockdown,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here