കോട്ടയത്ത് ഇനി മൊബൈൽ യൂണിറ്റിലും കൊവിഡ് സാമ്പിൾ ശേഖരിക്കും

കോട്ടയം ജില്ലയിൽ കൊവിഡ്-19 പരിശോധനയ്ക്കായി സഞ്ചരിക്കുന്ന സാമ്പിൾ കളക്ഷൻ യൂണിറ്റ് നാളെ പ്രവർത്തനമാരംഭിക്കുന്നു. സമൂഹ വ്യാപന സാധ്യത പരിശോധിക്കുന്നതിനുള്ള സർവൈലൻസ് സാമ്പിൾ ശേഖരണത്തിനാണ് സംസ്ഥാനത്ത് ആദ്യമായി ഈ സംവിധാനം ഏർപ്പെടുത്തുന്നത്. കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രികളിൽ നിലവിലുള്ള കിയോസ്‌കുകളുടെ മൊബൈൽ പതിപ്പാണിത്. രാവിലെ 11ന് കളക്ടറേറ്റ് വളപ്പിൽ ജില്ലാ കളക്ടർ പി കെ സുധീർ ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും.
രോഗലക്ഷണങ്ങളില്ലാത്ത വയോജനങ്ങൾ, ഗർഭിണികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽപ്പെട്ടവരുടെ സാമ്പിളുകളാണ് ജില്ലയിലെ പ്രാദേശിക സർക്കാർ ആശുപത്രികളിൽ വാഹനം എത്തിച്ച് ശേഖരിക്കുക. ഡോക്ടറും സഹായിയും ഡ്രൈവറുമാണ് വാഹനത്തിലുണ്ടാകുക. സാമ്പിൾ ശേഖരിക്കുന്ന ആശുപത്രിയിൽ എത്തുമ്പോൾ സഹായി പുറത്തിറങ്ങി പിപിഇ കിറ്റ് ധരിച്ച് പരിശോധനയ്ക്കു വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
വാഹനത്തിന്റെ സൈഡ് ഗ്ലാസിൽ ഘടിപ്പിച്ച ഗ്ലൗസിലൂടെ കൈകൾ കടത്തി ഡോക്ടർ സാമ്പിൾ ശേഖരിച്ച് സഹായിക്ക് കൈമാറും. ഓരോ സ്ഥലത്തും സാമ്പിൾ ശേഖരണത്തിനു മുൻപ് വാഹനം അണുനശീകരണം നടത്തുകയും സഹായിയായ ജീവനക്കാരൻ പുതിയ പിപിഇ കിറ്റ് ധരിക്കുകയും ചെയ്യും. ഓരോ സാമ്പിളും ശേഖരിച്ചശേഷം വാഹനവും ഗ്ലൗസും അണുവിമുക്തമാക്കും.
സാമ്പിൾ എടുക്കുന്ന ഡോക്ടർക്ക് സാമ്പിൾ നൽകുന്നവർക്കും പുറത്തു നിൽക്കുന്ന സഹായിക്കും നിർദേശങ്ങൾ നൽകാൻ വാഹനത്തിൽ മൈക്രോഫോണും സജ്ജീകരിച്ചിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒ ഡോ. പി എൻ വിദ്യാധരനും ജില്ലാ ടിബി ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരനുമാണ് സഞ്ചരിക്കുന്ന സാമ്പിൾ കളക്ഷൻ യൂണിറ്റ് സജ്ജമാക്കുന്നതിന് നേതൃത്വം നൽകിയത്. എല്ലാ ആശുപത്രികളിലും കിയോസ്‌കുകൾ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ മൊബൈൽ സംവിധാനം ഉപകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് പറഞ്ഞു.
covid test, kottayam mobile unit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here