സ്വർത്ഥ താത്പര്യം പാകിസ്താൻ ഉപേക്ഷിച്ചില്ലെങ്കിൽ പ്രതികരിക്കും: കരസേനാ മേധാവി

സ്വർത്ഥ അജണ്ട പാകിസ്താൻ ഉപേക്ഷിച്ചില്ലെങ്കിൽ പ്രതികരിക്കുമെന്ന് ഇന്ത്യൻ കരസേന മേധാവി എംഎം നരവാണെ. വെടിനിർത്തൽ ലംഘനത്തിനും ഭീകരതയെ പിന്തുണക്കുന്നതിനും സൈന്യം തിരിച്ചടിക്കും. ഹന്ദ്വാരയിലെ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ ഓർത്ത് രാജ്യം അഭിമാനം കൊള്ളുകയാണെന്നും എംഎം നരവാണെ പറഞ്ഞു.
‘നമ്മുടെ സൈന്യത്തിലെ ധീര ജവാന്മാർ, ജമ്മുകശ്മീർ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അനുശോചനവും നന്ദിയും അറിയിക്കുന്നു. പെട്ടെന്ന് തന്നെ നാശനഷ്ടങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തിയാണ് കമാൻഡിംഗ് ഓഫീസർ കേണൽ അശുതോഷ് ശർമ ഓപ്പറേഷന് നേതൃത്വം നൽകിയത്. ഇന്ത്യയിലേക്ക് തീവ്രവാദികളെ തള്ളിവിടുന്ന സ്വാർഥതാല്പര്യവും അജണ്ടയും പാകിസ്താൻ ഇപ്പോഴും തുടരുകയാണ്. ഭരണകൂടം സ്പോൺസർ ചെയ്യുന്ന ഭീകരവാദ നയം പാകിസ്താൻ ഉപേക്ഷിച്ചില്ലെങ്കില്‍ ഞങ്ങൾ കൃത്യമായും സൂക്ഷ്മമായും പ്രതികരിക്കും.’ ജനറൽ നരവാണെ പറഞ്ഞു.
ഹന്ദ്വാര ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജവാന്മാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആദരാജ്ഞലി അർപ്പിച്ചിരുന്നു. കേണൽ അശുതോഷ് ശർമ, മേജർ അനുജ് സൂദ്, ഒരു സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് കുപ്വാര ജില്ലയിലെ ഹന്ദ്വാരയിൽ നടന്ന ഏറ്റുമുട്ടലിൽ മരിച്ചത്. രണ്ട് ഭീകരരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
pakisthan, terrorist attack, terrorism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here