പ്രവാസികളുടെ തിരിച്ചുവരവ്; ഒരുക്കങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് വിലയിരുത്തും

cm pinarayi vijayan

മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനായുള്ള സംസ്ഥാനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. രണ്ടു ലക്ഷത്തിലധികം ആളുകളെ സ്വീകരിക്കാനുള്ള സൗകര്യം ഇതിനോടകം തന്നെ ഒരുക്കിയിട്ടുണ്ട്. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ ക്രമീകരിക്കുന്നത്.

വ്യാഴാഴ്ച്ച മുതല്‍ പ്രവാസികളെത്തിയാലും സംസ്ഥാനം സജ്ജമാണ്. പ്രതിദിനം ആറായിരത്തോളം ആളുകളെ പ്രതീക്ഷിച്ചാണ് നിലവില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. അതത് രാജ്യങ്ങളില്‍ പരിശോധന നടത്തുമെങ്കിലും ഡിജിറ്റല്‍ പാസ് അടക്കമുള്ള സംവിധാനമൊരുക്കി കര്‍ശന നിരീക്ഷണം നടത്താനാണു സര്‍ക്കാര്‍ ശ്രമം.

വിമാനത്താവളങ്ങളില്‍ പരിശോധന നടത്തി കൊവിഡ് കെയര്‍ ഹോമുകളിലെത്തിക്കുകയും, ഫലം നെഗറ്റീവ് ആയാല്‍ വീടുകളില്‍ ക്വാറന്റീന്‍ അനുവദിക്കുകയും ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വീടുകളിലേക്ക് മടങ്ങാനുള്ള സ്വകാര്യ വാഹനത്തില്‍ ഡ്രൈവറെ മാത്രമേ അനുവദിക്കുകയുള്ളു. കൂടാതെ വിമാനത്താവളം മുതല്‍ വീട് വരെ പൊലീസിന്റെ നിരീക്ഷണമുണ്ടാകും. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാര്‍ക്കായിരിക്കും നിരീക്ഷണ ചുമതല.

സമൂഹ വ്യാപനമുണ്ടായാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനും മറ്റുമായി സര്‍ക്കാര്‍ രണ്ട് ലക്ഷത്തിലേറെ മുറികളും സജ്ജമാക്കിയിട്ടുണ്ട്. ക്വാറന്റീനില്‍ വിടുന്നവര്‍ക്കു ആവശ്യമെങ്കില്‍ വിമാനത്താവളത്തിനു സമീപം ആരോഗ്യവകുപ്പു കണ്ടെത്തിയ ഹോട്ടലുകളില്‍ സ്വന്തം ചെലവില്‍ കഴിയാനുള്ള സൗകര്യവും അനുവദിക്കും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച 14 ദിവസം ക്വാറന്റീന് പുറമേ ഹൈറിസ്‌ക് മേഖലകളില്‍ നിന്നാണ് വരുന്നതെങ്കില്‍ 28 ദിവസം ക്വാറന്റീനില്‍ വിടുന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യും.

Story Highlights: coronavirus, Lockdown, expat,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top