കോട്ടയം ജില്ലയില്‍ അനുമതിയുള്ള വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ ഏഴുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം

KOTTAYAM

കോട്ടയം ജില്ലയില്‍ നിലവില്‍ പ്രവര്‍ത്താനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാഴ്‌സല്‍ സര്‍വീസും ഹോം ഡെലിവറിയും മാത്രം അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച്ച പുറപ്പെടുവിച്ച ഉത്തരവില്‍ ഭേദഗതി വരുത്തി ജില്ലാ കളക്ടര്‍ ഇറക്കിയ
പുതിയ ഉത്തരവനുസരിച്ച് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന മറ്റു നിബന്ധനകള്‍ ഇങ്ങനെയാണ്.

1. ഞായറാഴ്ച്ചകളില്‍ വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ഞായറാഴ്ച്ചകളില്‍ വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രി സേവനത്തിനായുള്ള ഗതാഗതം അനുവദിച്ചിട്ടുണ്ട്.

2. മറ്റു ദിവസങ്ങളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കു മാത്രമേ വാഹനഗതാഗതം അനുവദിച്ചിട്ടുള്ളൂ. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് എന്നീ ഒറ്റ അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് എന്നീ ഇരട്ട അക്കങ്ങളില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പരുള്ള വാഹനങ്ങളും മാത്രമേ നിരത്തിലിറങ്ങാന്‍ അനുവാദമുള്ളൂ. അവശ്യ സേവനത്തിനുള്ള ജീവനക്കാരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കും വനിതകളും അംഗപരിമിതരും ഓടിക്കുന്ന വാഹനങ്ങള്‍ക്കും ഒറ്റ, ഇരട്ട അക്ക നിയന്ത്രണം ബാധകമല്ല.

3. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ രാത്രി ഏഴു മുതല്‍ രാവിലെ ഏഴുവരെയുള്ള സഞ്ചാരം നിരോധിച്ചിട്ടുണ്ട്. ചികിത്സാ ആവശ്യങ്ങള്‍ക്കും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കുമല്ലാതെ 65 വയസിനു മുകളിലുള്ളവരും പത്തുവയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അസുഖ ബാധിതരും വീടിന് പുറത്ത് യാത്ര ചെയ്യുന്നത് ഒഴിവാക്കണം.

Story Highlights: coronavirus, Lockdown, kottayam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top