നാളെ പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർക്ക് ആരോഗ്യ വിദഗ്ധരുടെ പരിശീലനം

നാളെ രാവിലെ പ്രവാസികളെ മടക്കി കൊണ്ടുവരാന്‍ കൊച്ചിയിൽ നിന്ന് ആദ്യമായി പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാർക്കും ക്യാബിൻ ക്രൂവിനും എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശീലനം നൽകി. പിപിഇ സ്യൂട്ടുകൾ ധരിക്കുന്നതിനും ഫ്‌ളൈറ്റിനിടയിൽ ഉണ്ടാകാനിടയുള്ള ഹെൽത്ത് എമർജൻസികൾ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. സ്യൂട്ടുകൾ ധരിക്കുന്നതിന്റെയും അവ ശ്രദ്ധാപൂർവ്വം പ്രൊട്ടോക്കോൾ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കൽ വിശദീകരണം നൽകുകയുണ്ടായി. ഇവർക്കാവശ്യമായ സൗജന്യ കിറ്റുകളും നൽകി. എല്ലാവരുടെയും ആർടിപിസിആർ പരിശോധനയും നടത്തി.
read also:മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നിരീക്ഷണം 14 ദിവസം
ട്രെയിനിംഗിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്മടങ്ങ് വർധിച്ചതായി ക്യാപ്റ്റൻ പാർത്ഥ സർക്കാർ പറഞ്ഞു. നാല് പൈലറ്റുമാർ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ട്രെയിനിംഗ് നൽകിയത്. എറണാകുളം മെഡിക്കൽ കോളജ് ആർഎംഒ ഡോ.ഗണേശ് മോഹൻ, എആർഎംഒ ഡോ.മനോജ് ആന്റണി, ഡോ.ഗോകുൽ സജീവൻ, വിദ്യ വിജയൻ ഇൻഫക്ഷൻ കൺട്രോൾ സ്റ്റാഫ് നഴ്സ്, എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകിയത്. ആവശ്യമെങ്കിൽ ഇനിയും ഫ്ളൈറ്റ് ക്രൂവിന് പരിശീലനം നൽകുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ വാഴയിൽ അറിയിച്ചു.
അതേസമയം ദോഹയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം നാളെ പുറപ്പെടില്ല. വിമാന ജീവനക്കാരുടെ കൊവിഡ് പരിശോധന പൂർത്തിയാകാത്തതാണ് കാരണം. ആദ്യം നാല് വിമാന സർവീസുകളാണ് കേരളത്തിലേക്ക് ഉണ്ടായിരുന്നത്. ദോഹ-കൊച്ചി വിമാനം റദ്ദാക്കിയതോടെ നിലവിൽ മൂന്ന് വിമാന സർവീസുകൾ മാത്രമേ കേരളത്തിലേക്ക് ഉണ്ടാവുകയുള്ളു. കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമേ ഉണ്ടാവുകയുള്ളു. ദോഹ-കൊച്ചി വിമാനം ശനിയാഴ്ച സർവീസ് നടത്തും.
Story highlights-air india crew, medical training, ekm medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here