Advertisement

ഛോട്ടാ മുംബൈയുടെ തിരക്കഥയുണ്ടോ എന്ന് മാർത്താണ്ഡൻ; ഗുണ്ടയെന്ന് കരുതി വാതിലടച്ച് ബെന്നി പി നായരമ്പലത്തിന്റെ ഭാര്യ: കുറിപ്പ്

May 6, 2020
Google News 2 minutes Read
g marthandan

അൻവർ റഷീദ് സംവിധാനം ചെയ്ത ഛോട്ടാ മുംബൈ എന്ന ചിത്രത്തിൻ്റെ തിരക്കഥ വാങ്ങാൻ തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലത്തിൻ്റെ വീട്ടിൽ പോയ കഥ വിവരിക്കുകയാണ് സംവിധായകൻ മാർത്താണ്ഡൻ. മുൻപ് അൻവർ റഷീദിൻ്റെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്ന സമയത്ത് നടന്ന സംഭവമാണ് സിനിമകളും സ്വപ്നങ്ങളും എന്ന പേരിൽ മാർത്താണ്ഡൻ ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ കുറിച്ചത്.

കുറിപ്പ് വായിക്കാം:

മലയാളത്തിലെ പ്രഗത്ഭരായ ധാരാളം സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി വർക്ക് ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതിൽ ആദ്യം തന്നെ ഞാൻ ദൈവത്തോട് നന്ദി പറയുകയാണ്. ദേശീയ അവാർഡ് ജേതാവായ രാജീവ് നാഥ് സാറിനോടൊപ്പമായിരുന്നു എന്റെ തുടക്കം. ‘സ്വർണ്ണച്ചാമരം’ എന്ന പേരിലുള്ള ചിത്രമായിരുന്നു അത്. അതുപക്ഷേ, ഷൂട്ടിംഗ് ഏതാണ്ട് പകുതിയായപ്പോഴേക്കും മുടങ്ങിപ്പോയി. അതിലെ പാട്ടുകൾ റിലീസ് ചെയ്തിരുന്നു.

ബാഹുബലിയുടെ സംഗീത സംവിധായകനായ കീരാവാണിയായിരുന്നു മ്യൂസിക് ഡയറക്ടർ. അതിനു ശേഷം നിസാർ സാറിനൊപ്പം കുറെയധികം ചിത്രങ്ങളിൽ അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തു. അവിടെനിന്നാണ് ഞാൻ അസോസിയേറ്റ് ഡയറക്ടറായി മാറുന്നത്. അൻവർ റഷീദ്, ലാൽ സർ, ഷാഫി സർ, രഞ്ജിത്ത് സർ, രഞ്ജിപണിക്കർ സർ, TK രാജീവ് കുമാർ സർ, തോമസ് സെബാസ്റ്റിനേട്ടൻ, ഷാജി കൈലാസ് സർ, മാർട്ടിൻ പ്രക്കാട്ട് തുടങ്ങി നിരവധി പ്രഗത്ഭരോടൊപ്പം എനിക്ക് വർക്ക് ചെയ്യാൻ സാധിച്ചു. അതിൽ എടുത്തു പറയേണ്ട വ്യക്തി അൻവർ റഷീദ് ആണ്. ഞങ്ങൾ ഒരുപാട് സിനിമകളിൽ ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

അൻവർ റഷീദ് എനിക്ക് സുഹൃത്തും, സഹോദരനും, ഗുരുസ്ഥാനീയനും, മെന്ററുമൊക്കെയാണ്. എന്റെ എന്തു കാര്യത്തിനും ഒപ്പം നിൽക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹം. അതുപോലെ തന്നെ, സംവിധായകരിൽ എനിക്ക് സഹോദരതുല്യനായ മറ്റൊരു വ്യക്തിയാണ് അജയ് വാസുദേവ്.അൻവർ റഷീദിനൊപ്പം ‘ഛോട്ടാ മുംബൈ’ എന്ന സിനിമയിൽ വർക്ക് ചെയ്യുന്ന സമയത്താണ് ഞാൻ ബെന്നി പി നായരമ്പലത്തിനെ പരിചയപ്പെടുന്നത്. മലയാളത്തിലെ ഏറ്റവും പ്രശസ്തനായ, സൂപ്പർഹിറ്റുകൾ മാത്രം ചെയ്തിട്ടുള്ള തിരക്കഥാകൃത്താണ് അദ്ദേഹം.

read also:ജോലി നഷ്ടപ്പെട്ട് വരികയാണെങ്കിലും പ്രവാസികൾക്ക് പട്ടിണി കിടക്കേണ്ടി വരില്ല; ശ്രദ്ധേയമായി തിരക്കഥാകൃത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഛോട്ടാ മുംബൈയിൽ ഞാനായിരുന്നു ചീഫ് അസോസിയേറ്റ് ഡയറക്ടർ. ആ സമയത്താണ് ബെന്നിച്ചേട്ടനുമായി കൂടുതൽ പരിചയപ്പെടുന്നത്. ബെന്നിച്ചേട്ടന്റെ സിനിമകൾ കണ്ട് അദ്ദേഹത്തെ മനസ്സിൽ ഏറെ ആരാധിച്ചിരുന്ന ആളാണ് ഞാൻ. അദ്ദേഹത്തിന്റെ ഒരു തിരക്കഥ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്ന സമായവുമായിരുന്നു അത്. ആയിടക്ക് ഒരു ദിവസം ബെന്നിച്ചേട്ടനും അൻവറും തിരുവനന്തപുരത്തോ മറ്റോ പോയിരിക്കുകയായിരുന്നു. ഞാൻ സിനിമയുടെ ചാർട്ടിംഗുമായി ബന്ധപ്പെട്ട് എറണാകുളത്തും. സ്ക്രിപ്റ്റ് എന്റെ കൈയിൽ ഉണ്ടായിരുന്നില്ല. ബെന്നിച്ചേട്ടനെ വിളിച്ചപ്പോൾ വീട്ടിലേക്കു ചെന്നാൽ ഭാര്യ സ്ക്രിപ്റ്റ് എടുത്തു തരുമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ അവിടേക്ക് പോയി. ഒരു സന്ധ്യ സമയത്താണ് ഞാൻ ചെല്ലുന്നത്. ആ വീട്ടിലേക്ക് കയറിയപ്പോൾ തന്നെ, ഒരുപാട് ഹിറ്റ് തിരക്കഥകളെഴുതിയ ഒരാളുടെ വീട്ടിൽ ചെന്നപ്പോഴുള്ള ഒരു സന്തോഷം, ആരാധന, ഒക്കെ പറഞ്ഞറിയിക്കാൻ കഴിയില്ല. ഞാൻ ചെന്നു ബെല്ലടിച്ചപ്പോൾ ചേച്ചി വന്നു വാതിൽ തുറന്നിട്ട് ആരാണെന്നു ചോദിച്ചു. ഞാൻ പറഞ്ഞു, “മാർത്താണ്ഡൻ”. ആ പേരു കേട്ട് ചേച്ചി പേടിച്ചെന്നു തോന്നുന്നു. എന്താണ് കാര്യമെന്ന് തിരക്കി. ഞാൻ പറഞ്ഞു ‘ഛോട്ടാ മുംബൈയുടെ തിരക്കഥ ഇവിടെയുണ്ടെന്നു സർ പറഞ്ഞു, അത് വാങ്ങാൻ വന്നതാണ്’. ചേച്ചി വാതിലടച്ച് അകത്തു കയറി. പിന്നീട് ഞാൻ കാണുന്നത് ബെന്നിച്ചേട്ടന്റെ അമ്മ, അന്നാബെൻ, അന്നാബെന്നിന്റെ അനിയത്തി എന്നിവർ ഓരോരുത്തരായി ജനലിനുള്ളിലൂടെ എന്നെ നോക്കുന്നതാണ്! (അന്നാബെൻ എന്ന ഇന്നത്തെ മിന്നും താരം കുഞ്ഞിലേ മുതൽ എനിക്കറിയാവുന്ന മോളാണ്.) കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ചേച്ചി സ്ക്രിപ്റ്റ് കൊണ്ടുവന്നു തന്നു. ഞാനതും കൊണ്ട് തിരിച്ചെത്തി കുറച്ചു നേരം കഴിഞ്ഞപ്പോഴാണ് ബെന്നിച്ചേട്ടൻ എന്നെ വിളിച്ച് കാര്യം പറയുന്നത്: “മാർത്താണ്ഡനെ കണ്ടപ്പോ അവള് കരുതിയത് ഏതോ ഗുണ്ടയാണെന്നാ. അതുകൊണ്ടാ അവള് തരാൻ മടിച്ചത്. പിന്നെ എന്നെ വിളിച്ച് ഉറപ്പിച്ച ശേഷമാണ് തന്നത്..!” എനിക്ക് തോന്നുന്നത്, ബെന്നിച്ചേട്ടൻ അതുവരെ എഴുതിയതിൽ നിന്ന് വ്യത്യസ്തമായി, ഗുണ്ടകളുടെയും കൊട്ടേഷൻ ടീമുകളുടെയും ഒക്കെ ഡാർക്കായിട്ടുള്ളതും കോമഡി മിക്സ് ചെയ്തതുമൊക്കെയായ ഒരു പടമായിരുന്നല്ലോ ഛോട്ടാ മുംബൈ. ഒരുപക്ഷേ അതു വായിച്ചിട്ട് എന്റെ രൂപം കൂടി കണ്ടതുകൊണ്ടാവണം ചേച്ചിക്ക് എന്നെ ഒരു ഗുണ്ടയായി തോന്നിയത്. ഓർക്കുമ്പോൾ അത് വളരെ രസകരമായ ഒരനുഭവമാണ്. പിന്നീട് ബെന്നിച്ചേട്ടന്റെ അതേ വീട്ടിലെ ഓഫീസ് റൂമിൽ വച്ചാണ് മമ്മൂട്ടി സാറിനെ വച്ചുള്ള എന്റെ ആദ്യ സിനിമയുടെ അഡ്വാൻസ് വാങ്ങുന്നതും അദ്ദേഹമേനിക്ക് തിരക്കഥ തരാൻ തീരുമാനിക്കുന്നതുമെല്ലാം.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണത്. കാരണം, ഞാൻ ഗുരുസ്ഥാനീയനായി കാണുന്ന ഒരാളാണ് ബെന്നിച്ചേട്ടൻ. അതുപോലെതന്നെ ബെന്നിച്ചേട്ടനോടൊപ്പം ആദ്യം ചെയ്ത, മമ്മൂട്ടി സാറിനെ വച്ചുള്ള സിനിമ ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’ നല്ല വിജയമായിരുന്നു. ബെന്നിച്ചേട്ടനോടൊപ്പം വീണ്ടുമൊരു സിനിമ എന്നത് എന്റെ സ്വപ്‌നമാണ്. തമാശയും, അടിയും, കരച്ചിലുമൊക്കെയുള്ള ഒരു ഉത്സവ ചിത്രം അദ്ദേഹവുമായി ചേർന്ന് ചെയ്യണമെന്നത് എന്റെ മനസ്സിൽ എപ്പോഴുമുള്ള വലിയൊരു ആഗ്രഹമാണ്..

Story highlights-g marthandan facebook post anwar rasheed chhotta mumbai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here