ആശ്വാസ തീരത്ത്; പ്രവാസികളുമായി അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നുമുള്ള വിമാനങ്ങള്‍ കേരളത്തില്‍ എത്തി

അബുദാബിയില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായി പുറപ്പെട്ട വിമാനം കേരളത്തില്‍ എത്തി. പ്രവാസികളുമായി അബുദാബിയില്‍ നിന്ന് പുറപ്പെട്ട വിമാനം രാത്രി 10.10 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. 151 യാത്രക്കാരുമായാണ് വിമാനം എത്തിയിരിക്കുന്നത്. ദുബായില്‍ നിന്ന് പുറപ്പെട്ട വിമാനം 10.30 ഓടെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്.
ടെമ്പറേച്ചര്‍ ഗണ്‍ ഉപയോഗിച്ച് യാത്രക്കാരുടെ ശരീര താപനില വിമാനത്താവളത്തില്‍ പരിശോധിക്കും. മുപ്പത് പേര്‍ അടങ്ങുന്ന സംഘങ്ങളായിട്ടായിരിക്കും വിമാനത്തില്‍ നിന്ന് യാത്രക്കാരെ പുറത്തെത്തിക്കുക. പ്രവാസികളെ അതത് ജില്ലകളിലേക്ക് എത്തിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ബാഗേജുകള്‍ രണ്ട് തവണ അണുനശീകരണം നടത്തും. എട്ട് കെഎസ്ആര്‍ടിസി ബസുകള്‍ പ്രവാസികള്‍ക്കായി നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നുള്ളവരെ കളമശേരിയിലെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്കാണ് എത്തിക്കുന്നത്. പ്രവാസികളുമായുള്ള ആദ്യ വിമാനം അബുദാബിയില്‍ നിന്ന് ഇന്ത്യന്‍ സമയം ഏഴുമണിയോടെയാണ് പുറപ്പെട്ടത്. ദുബായില്‍ നിന്നുള്ള വിമാനം ഇന്ത്യന്‍ സമയം 7.30 ഓടെയാണ് പുറപ്പെട്ടത്.
വിദേശങ്ങളില്‍ കുടുങ്ങിപ്പോയവര്‍ വിവിധ വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ല. ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നത്.
വീടുകളില്‍ നിരീക്ഷണത്തിനായി അയക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here