മലപ്പുറത്ത് പഞ്ചായത്ത് മെമ്പറെയും ഭർത്താവിനെയും വീട്ടില്‍ കയറി മര്‍ദിച്ചു

ലോക്ക് ഡൗൺ ചട്ട ലംഘനം അധികാരികളെ അറിയിച്ചുവെന്ന് ആരോപിച്ച് മലപ്പുറം ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വനിതാ മെമ്പറെയും ഭർത്താവിനെയും ഒരു സംഘം ആളുകൾ വീട്ടിൽ കയറി മർദിച്ചു. പഞ്ചായത്ത് മെമ്പർ കെ ഖദീജ, ഭർത്താവായ എം സൈതലവി എന്നിവർക്കെതിരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു.
വീടിന്റെ മുൻവശത്തുനിൽക്കുകയായിരുന്ന സൈതലവിയെയാണ് ആദ്യം സംഘം ആക്രമിച്ചത്. ‘ഞങ്ങൾക്കെതിരേ പൊലീസിൽ പരാതി നൽകിയത് നീയും മെമ്പറുമല്ലേ’ പറയുകയും അടിച്ചു പരുക്കേൽപ്പിക്കുകയും ചെയ്തു. പിന്നീട് കഴുത്തിന് പിടിച്ച് നിലത്തേക്ക് അടിച്ച് വീഴ്ത്തി. മുറ്റത്തുണ്ടായിരുന്ന കത്തിയെടുത്ത് കൊന്ന് കളയുമെന്ന് ഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. ഭർത്താവിനെ മർദിക്കുന്നത് കണ്ടു ഓടിയെത്തിയ ഖദീജയെയും അക്രമികൾ വെറുതെ വിട്ടില്ല. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.
read also:ലോക്ക് ഡൗൺ ലംഘിച്ച് തമിഴ്നാട്ടിൽ മുസ്ലിങ്ങൾ കൂട്ടപ്രാർത്ഥന നടത്തിയോ?; വാർത്ത വ്യാജം
ഖദീജയുടെ വീടിനടുത്ത് ക്വാട്ടേഴ്സിൽ താമസിക്കുന്ന പാലക്കാട് സ്വദേശികൾക്കെതിരെയാണ് കേസ്. മൂന്ന് യുവാക്കളും അവരുടെ സഹോദരിയുമാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ക്വാർട്ടേഴ്സിന് അടുത്ത് ആളുകൾ രാത്രിയിൽ കൂട്ടം കൂടുന്നതറിഞ്ഞ പൊലീസും ആരോഗ്യവകുപ്പും അവിടെ പരിശോധിച്ചിരുന്നു. ആൾകൂട്ടത്തെ പൊലീസ് നിരവധി തവണ ഓടിച്ചു. ഇതിന് കാരണം വാർഡ് മെമ്പറുടെ പരാതിയാണെന്നതാണ് ആക്രമി സംഘത്തെ പ്രകോപിപ്പിച്ചത്.
Story highlights-people attacked panchayath member and husband malappuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here