മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ സീറ്റ് ഏറ്റെടുക്കരുതായിരുന്നു: ജസ്റ്റിസ് ദീപക് ഗുപ്ത

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രാജ്യസഭാ സീറ്റ് ഏറ്റെടുക്കാൻ പാടില്ലായിരുന്നുവെന്ന് സുപ്രിംകോടതിയിൽ നിന്ന് ബുധനാഴ്ച റിട്ടയർ ചെയ്ത ജസ്റ്റിസ് ദീപക് ഗുപ്ത. സർക്കാർ വച്ചുനീട്ടിയ പദവി സ്വീകരിക്കാൻ പാടില്ലായിരുന്നു. 2018 ജനുവരി പന്ത്രണ്ടിന് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിൽ മുതിർന്ന ജഡ്ജിമാർ വാർത്താസമ്മേളനം നടത്തിയതിനെയും ദീപക് ഗുപ്ത വിമർശിച്ചു.
നീതിന്യായ സംവിധാനത്തിനുള്ളിൽ പരിഹാരമുണ്ടാക്കേണ്ട വിഷയമായിരുന്നു അത്. മാധ്യമങ്ങളുടെ മുന്നിൽ പോകുന്നത് ആശാസ്യമല്ല. ലൈംഗിക ആരോപണം നേരിടവേ രഞ്ജൻ ഗൊഗോയ് തന്നെ സിറ്റിംഗ് നടത്തി പരാമർശങ്ങൾ നടത്തിയത് ഒഴിവാക്കാമായിരുന്നു. ഗൂഢാലോചന സംബന്ധിച്ച് അന്വേഷിച്ചു ജസ്റ്റിസ് എ കെ പട്‌നായിക് റിപ്പോർട്ട് നൽകിയെന്നാണ് അറിവ്. താൻ റിപ്പോർട്ട് കണ്ടിട്ടില്ലെന്നും ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ ജസ്റ്റിസ് ദീപക് ഗുപ്ത വ്യക്തമാക്കി.
തന്റെ യാത്ര അയപ്പ് സമ്മേളനത്തിൽ തന്നെ ജഡ്ജിമാരെ അദ്ദേഹം വിമർശിച്ചിരുന്നു. ജഡ്ജിമാർക്ക് ഒട്ടകപക്ഷികളെ പോലെ തല ഒളിപ്പിച്ച് വയ്ക്കാൻ സാധിക്കില്ലെന്നും അവർ നീതിന്യായ സംവിധാനത്തിലെ പ്രശ്നങ്ങൾ മനസിലാക്കി കൈകാര്യം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ നിയമ വ്യവസ്ഥ പണക്കാർക്കും ശക്തരായവർക്കും വേണ്ടിയാണിപ്പോൾ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജഡ്ജിമാരുടെ വിശുദ്ധ പുസ്തകം ഭരണഘടനയായിരിക്കണം. മതവിശ്വാസങ്ങൾ മറന്നുവേണം കോടതിയിലിരിക്കാനെന്നും ജഡ്ജിമാർക്ക് ഖുറാനും ഗീതയും ബൈബിളുമെല്ലാം ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു.
justice deepak gupta, justice ranjan gogoi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here