മദ്യവിൽപനയ്ക്ക് ഇ- ടോക്കൺ ഏർപ്പെടുത്തി ഡൽഹി സർക്കാർ

ലോക്ക് ഡൗണിൽ മദ്യശാലകൾ തുറന്നതോടെ വലിയ തിരക്ക് അനുഭവപ്പെടുന്നതിന്റെ പശ്ചാത്തലത്തിൽ ഇ- ടോക്കൺ സംവിധാനവുമായി ഡൽഹി സർക്കാർ. കൂടാതെ തിരക്ക് നിയന്ത്രണത്തിലേക്ക് കൊണ്ട് വരാൻ മാർഷൽമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി. ടോക്കണിനായി ആദ്യം www.qtoken.in എന്ന വെബ്‌സൈറ്റിൽ പേരും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യണം. ഇതോടെ മൊബൈൽ നമ്പറിലേക്ക് ടോക്കൺ സന്ദേശമായി ലഭിക്കും. ടോക്കണിലുള്ള സമയം അനുസരിച്ച് അടുത്തുള്ള മദ്യശാലയിലെത്തി മദ്യം വാങ്ങാവുന്നതാണ്. ടോക്കൺ മുഖേന തിരക്ക് കുറക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പഞ്ചാബ്, ഛത്തീസ്ഗഢ്, ബംഗാൾ എന്നിവിടങ്ങളിൽ ഈ രീതി നടപ്പാക്കാൻ തീരുമാനമായിട്ടുണ്ട്.
തിങ്കളാഴ്ചയാണ് മദ്യശാലകൾ ഡൽഹിയിൽ വീണ്ടും തുറന്നത്. സാമൂഹിക അകലമോ മറ്റ് സർക്കാർ നിർദേശങ്ങളോ പാലിക്കാതെയാണ് ആളുകൾ വരി നിൽക്കുന്നത്. അതിനാൽ പല സ്ഥലങ്ങളിലും പൊലീസിന് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. കൂടാതെ ചില സ്ഥലങ്ങളിൽ കടകൾ അടപ്പിച്ചു. ആളുകളെ നിയന്ത്രിക്കാനായി ഗാസിപുർ, ഗോവിന്ദ്പുരി, ഉത്തംനഗർ തുടങ്ങിയ സ്ഥലങ്ങളിൽ മാർഷൽമാരും പൊലീസും ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ചൊവ്വാഴ്ച മദ്യവിൽപ്പനയിൽ സർക്കാർ റെക്കോർഡിട്ടു. 7.65 കോടി രൂപയുടെ മദ്യമാണ് അന്ന് വിറ്റുപോയതെന്ന് എക്സൈസ് വകുപ്പ് അധികൃതർ.
തിരക്ക് കുറയ്ക്കാൻ മദ്യശാലകളുടെ പ്രവർത്തനസമയം നീട്ടണമെന്ന് ഡൽഹി പൊലീസ് സർക്കാരിനോട് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിൽ രാവിലെ ഒൻപത് മുതൽ രാത്രി ഏഴ് മണി വരെയാണ് മദ്യവിൽപ്പനകേന്ദ്രങ്ങളുടെ പ്രവർത്തനം. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി മദ്യം വീട്ടിലെത്തിച്ച് നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ കീഴിലുള്ള 172 മദ്യശാലകൾക്ക് മാത്രമാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. ആകെ 864 മദ്യശാലകളുള്ള നഗരത്തിൽ 475 എണ്ണം സർക്കാരിന് കീഴിലും 389 എണ്ണം സ്വകാര്യവ്യക്തികളുടെതുമാണ്.
delhi government, e token, liquor sale, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here