തിരിച്ചെത്തുന്ന പ്രവാസികള്‍ അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്; നിര്‍ദേശങ്ങള്‍ പാലിക്കണം: മുഖ്യമന്ത്രി

തിരിച്ചെത്തുന്ന പ്രവാസികള്‍ അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്വാറന്റീനില്‍ കഴിയുന്നവരും വീട്ടിലേക്ക് പോയവരും ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ച രീതിയില്‍ മാത്രമേ ഈ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാടുളളു. ശാരീരിക അകലം എന്നത് വളരെ പ്രധാനമാണ്. വീട്ടിലായാലും ക്വാറന്റീന്‍ കേന്ദ്രങ്ങളിലായാലും അക്കാര്യത്തില്‍ പ്രത്യേകമായ ശ്രദ്ധ വേണം. വീട്ടിലെത്തുന്നവരുടെ കാര്യത്തില്‍ വീട്ടുകാരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
അശ്രദ്ധയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ചില ദോഷഫലങ്ങള്‍ മുന്‍ഘട്ടത്തില്‍ നമ്മള്‍ അനുഭവിച്ചതാണ്. ആരുമായും സമ്പര്‍ക്കം പുലര്‍ത്തരുത് എന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. കുറേ നാളുകള്‍ക്കുശേഷം നാട്ടില്‍ വന്നവരാണ് എന്നു കരുതി സന്ദര്‍ശനം നടത്തുന്ന പതിവുരീതികളും ഒരു കാരണവശാലും പാടില്ല. നാം ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയാണ് നമ്മുടെ സമൂഹത്തെ വരും ദിവസങ്ങളില്‍ സംരക്ഷിച്ചുനിര്‍ത്തുക എന്ന ബോധം എല്ലാവര്‍ക്കും ഉണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: coronavirus, expat, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here