കാഡ്ബറിയുടെ പുതിയ ലോഗോ; ചെലവ് ഒരു മില്ല്യൺ യൂറോയ്ക്ക് മുകളിൽ

പ്രശസ്ത ചോക്കലേറ്റ് നിർമ്മാതാക്കളായ കാഡ്ബറി തങ്ങളുടെ പുതിയ ലോഗോ നിർമ്മാണത്തിനായി ചെലവഴിച്ചത് ഒരു മില്ല്യൺ യൂറോയ്ക്ക് മുകളിലെന്ന് റിപ്പോർട്ട്. 50 വർഷത്തോളമായി തുടർന്നു വരുന്ന ലോഗോ ആണ് കഴിഞ്ഞ മാസം കാഡ്ബറി മാറ്റിയത്. ബുള്ളറ്റ്പ്രൂഫ് എന്ന ഏജൻസിയാണ് പുതിയ ലോഗോ നിർമ്മിച്ചത്. എന്നാൽ പുതിയ ലോഗോയെക്കാൾ മറ്റ് ചിലതാണ് ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യപ്പെടുന്നത്.
Read Also: മിഠായിയിൽ ബാക്ടീരിയ; കാഡ്ബറിയ്ക്ക് കോടതി പിഴ ചുമത്തി
രണ്ട് ലോഗോയും തമ്മിൽ കാര്യമായ മാറ്റങ്ങളില്ലെന്നും പണം ചെലവഴിച്ചത് അനാവശ്യമായിപ്പോയെന്നും സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയരുകയാണ്. ഒറ്റ നോട്ടത്തിൽ രണ്ട് ലോഗോകൾ തമ്മിൽ കാര്യമായ മാറ്റം ഇല്ല. ചെരിഞ്ഞ എഴുത്ത് നേരയാക്കി ഫോണ്ട് അല്പം ഷാർപ്പ് ആക്കിയെന്നത് മാത്രമാണ് ലോഗോയിലെ വ്യത്യാസം. അതുകൊണ്ട് തന്നെ ഈ ലോഗോയ്ക്ക് മില്ല്യൺ യൂറോ ചെലവഴിച്ച കാഡ്ബറി മണ്ടത്തരം കാണിച്ചു എന്നാണ് ട്വിറ്റർ ഉപഭോക്താക്കൾ പറയുന്നത്.
എന്നാൽ, വെറും ലോഗോ മാറ്റമല്ല നടന്നതെന്നും ബ്രാൻഡ് തന്നെ മൊത്തത്തിൽ പുതുക്കുന്ന പരിപാടിയാണിതെന്നുമാണ് കാഡ്ബറി പറയുന്നത്. ഒരു വർഷം മുൻപ് തുടങ്ങിയതാണിത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഒരു മില്ല്യൺ യൂറോ എന്ന കണക്ക് തെറ്റാണെന്നും കാഡ്ബറി പറയുന്നു.
യുകെ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഏറെ പ്രശസ്തമായ ചോക്കലേറ്റ് നിർമ്മാതാക്കളാണ് കാഡ്ബറി. ഡയറി മിൽക്ക് ആണ് കാഡ്ബറിയുടെ ഏറ്റവും ജനപ്രിയമായ ചോക്കലേറ്റ് ബാർ. 1824ൽ ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് കമ്പനി ആരംഭിച്ചത്.
Story Highlights: cadbury new logo 1 million euro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here