Advertisement

വാഹനത്തിന്റെ ഉടമസ്ഥാവകാശ കൈമാറ്റം ഓണ്‍ലൈനിലൂടെ; സംശയങ്ങളും ഉത്തരങ്ങളും [24 Explainer]

May 11, 2020
Google News 3 minutes Read
vehicle ownership transfer

വാഹന ഉടമസ്ഥാവകാശ കൈമാറ്റ നടപടിക്രമങ്ങള്‍ ലളിതവത്കരിച്ചത് അടുത്തിടെയാണ്. പുതുക്കിയ നടപടികള്‍ വഴിയായി വാഹനം വില്‍ക്കുന്നയാളും വാങ്ങുന്ന വ്യക്തിയും തമ്മില്‍ സംയുക്തമായി ഓണ്‍ലൈന്‍ സംവിധാനം വഴിയായി ഉടമസ്ഥാവകാശ രേഖകള്‍ ലഭിക്കുന്നതിന് അപേക്ഷ നല്‍കാം. പുതിയ സംവിധാനത്തെക്കുറിച്ച് ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനോടനുബന്ധിച്ച് വാഹന ഉടമകള്‍ ചോദിച്ച സംശയങ്ങള്‍ക്കുള്ള മറുപടികളാണ് നല്‍കിയിരിക്കുന്നത്.

1. ഏത് വെബ് വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്?

www.parivahan.gov.in

2. ഓണ്‍ലൈനായി ഇത്തരം അപേക്ഷകള്‍ കൈകാര്യം ചെയ്ത് പരിചയം ഇല്ല

താങ്കള്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സൗകര്യമുള്ള കമ്പ്യൂട്ടറില്‍ നിന്നോ മൊബൈലില്‍ നിന്നോ സ്വയമോ, മറ്റാരുടെയെങ്കിലും സഹായത്താലോ ചെയ്യാം.

3. ആരാണ് അപേക്ഷിക്കേണ്ടത്?

വാഹനം വാങ്ങുന്ന വ്യക്തിയും വാഹനം വില്‍ക്കുന്ന വ്യക്തിയും സംയുക്തമായാണ് അപേക്ഷിക്കേണ്ടത്.

4. എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്?

വില്‍ക്കുന്ന വ്യക്തിയുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നമ്പര്‍ രേഖപ്പെടുത്തിയാണ് അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത്.

5. വാങ്ങുന്ന ആളുടെ മൊബൈല്‍ നമ്പര്‍ ആവശ്യമുണ്ടോ?

വാങ്ങുന്ന ആളുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തണം. മേല്‍വിലാസം തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. ആ മേല്‍വിലാസം ആണ് അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടത്.

6. എന്തൊക്കെയാണ് മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍?

ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഇലക്ടറല്‍ റോള്‍ തുടങ്ങിയവ (മോട്ടോര്‍ വാഹന ചട്ടത്തില്‍ പ്രതിപാദിച്ചവ മാത്രം)

7. വാങ്ങുന്ന ആളുടെ മൊബൈലില്‍ വരുന്ന ഒടിപി രേഖപ്പെടുത്തേണ്ടതുണ്ടോ?

ഉണ്ട്, ആ ഒടിപി രേഖപ്പെടുത്തിയാല്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാവുകയുള്ളൂ.

8. ഏത് ഓഫീസിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്?

വാങ്ങുന്നയാളുടെയോ വില്‍ക്കുന്നയാളുടെയോ സ്ഥിര താമസസ്ഥലത്തുള്ള ഓഫീസില്‍ സമര്‍പ്പിക്കാം.

9. ഫീസ് എത്രയാണ്?

മോട്ടോര്‍ സൈക്കിള്‍ -150, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (പ്രൈവറ്റ് ) – 300, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ (ട്രാന്‍സ്‌പോര്‍ട്ട്) ആന്‍ഡ് മീഡിയം – 500, ഹെവി – 750

10. ഇറക്കുമതി ചെയ്ത വാഹനങ്ങളുടെ ഫീസ് എങ്ങനെയാണ്?

മോട്ടോര്‍ സൈക്കിള്‍ – 1250, മറ്റ് വാഹനങ്ങള്‍ – 2500

11. ഇതിലൊന്നും ഉള്‍പ്പെടാത്ത മറ്റ് വണ്ടികളുടെ (ജെസിബി പോലുള്ളവ ) ഫീസെത്ര?

അത്തരം വണ്ടികള്‍ – 1500

12. ഫീസല്ലാതെ വേറെ ചാര്‍ജ് എന്തെങ്കിലും ഉണ്ടോ?

ഉണ്ട്, സര്‍വ്വീസ് ചാര്‍ജ്. മോട്ടോര്‍ സൈക്കിള്‍ – 35, ലൈറ്റ് – 60, മീഡിയം -110, ഹെവി – 170

13. ഫീസും സര്‍വ്വീസ് ചാര്‍ജും എങ്ങിനെ അടക്കും?

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തന്നെ ഓണ്‍ലൈനായി ഫീസ് അടക്കാം.എടിഎം കാര്‍ഡോ/ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ ഉപയോഗിക്കാം.

14. വാഹനത്തിന് ലോണ്‍ ഉണ്ടെങ്കിലോ?

ലോണ്‍ അവസാനിപ്പിക്കുകയോ (Termination), ലോണ്‍ തുടരുകയോ (Continuation) ചെയ്യാം .

15. ലോണ്‍ അവസാനിപ്പിക്കാന്‍ ഫിനാന്‍സിയറുടെ പക്കല്‍ നിന്ന് പേപ്പര്‍ എന്തെങ്കിലും വാങ്ങേണ്ടതുണ്ടോ?

ഉണ്ട്. ലോണ്‍ അവസാനിപ്പിക്കുന്നതിനോ / നിലനിര്‍ത്തുന്നതിനോ ഫിനാന്‍സിയറുടെ ഒപ്പും സീലും പതിപ്പിച്ച ഫോറം വാങ്ങണം.

16. ലോണ്‍ അവസാനിപ്പിക്കാന്‍ ഫീസുണ്ടോ?

ഇല്ല. എന്നാല്‍ സര്‍വ്വീസ് ചാര്‍ജ് ഉണ്ട്. 85 രൂപ

17. അപേക്ഷാ ഫോറവും ഫീസ് റസീറ്റും പ്രിന്റ് എടുത്ത് എങ്ങനെ അയക്കണം?

അവ പ്രിന്റെടുത്ത് ഒപ്പിട്ട് അപ്‌ലോഡ് ചെയ്യണം. ഫിനാന്‍സിയര്‍ ഒപ്പിട്ട ഫോറവും അപ്‌ലോഡ് ചെയ്യണം.

18. അപ്‌ലോഡ് ചെയ്താല്‍ മാത്രം മതിയോ?

പോര, ഒറിജിനല്‍ ആര്‍സി, ഫീസ് റസീപ്റ്റ്, അപ്‌ലോഡ് ചെയ്ത അപേക്ഷാ ഫോറം, അഡ്രസ് പ്രൂഫ്, ട്രാന്‍സ്‌പോര്‍ട്ട് വാഹനമാണെങ്കില്‍ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്ത / ട്രാന്‍സ്ഫര്‍ ചെയ്ത ഉത്തരവ് എന്നിവ സഹിതം നേരത്തെ അപേക്ഷിച്ച ഓഫീസിലേക്ക് തപാല്‍ മാര്‍ഗം അയക്കുകയോ അല്ലെങ്കില്‍ ആര്‍ടി ഓഫിസില്‍ സ്ഥാപിച്ച പെട്ടിയില്‍ നിക്ഷേപിക്കുകയോ ചെയ്യാം.

19. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ പെര്‍മിറ്റ് ക്യാന്‍സല്‍ ചെയ്ത ഉത്തരവോ പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ഗ്രാന്‍ഡ് ഉത്തരവോ കിട്ടാന്‍ ആര്‍ടിഓഫീസില്‍ പോവണോ?

ആ ഉത്തരവുകള്‍ ഓണ്‍ലൈനായി പ്രിന്റ് എടുക്കാം

20. ലോണ്‍ തുടരാനാഗ്രഹിക്കുന്നെങ്കില്‍ ഫീസ് എത്ര?

മോട്ടോര്‍ സൈക്കിള്‍ – 500, ലൈറ്റ് – 1500, മീഡിയം ആന്‍ഡ് ഹെവി – 3000. കൂടാതെ 85 രൂപ സര്‍വ്വീസ് ചാര്‍ജും

21. പുതുതായി ലോണ്‍ എടുക്കുന്നുണ്ടെങ്കിലോ?

അതും സാധിക്കും. ഫിനാന്‍സ് നോട്ടിംഗ് ഫീസ് അടച്ചാല്‍ മതി. ഫീസ് നിരക്കും സര്‍വ്വീസ് ചാര്‍ജും തൊട്ട് മുകളിലുള്ള ചോദ്യത്തിന്റെ ഉത്തരത്തിലുള്ളത് തന്നെയാണ്.

22. വാങ്ങിയാള്‍ക്ക് പുതിയ ആര്‍സി എങ്ങിനെ കിട്ടും?

തപാല്‍ മുഖാന്തിരം. അതിനായി വാങ്ങിയ ആളുടെ മേല്‍വിലാസം എഴുതി സ്പീഡ് പോസ്റ്റിനാവശ്യമായ സ്റ്റാമ്പ് ഒട്ടിച്ച കവര്‍ കൂടി അപേക്ഷയോടൊപ്പം മറക്കരുത്.

23. വാഹനത്തിന്റെ പേരില്‍ എന്തെങ്കിലും ശിക്ഷാ നടപടികളോ ചെക്ക് റിപ്പോര്‍ട്ടോ പെന്റിംഗ് ഉണ്ടെങ്കിലോ?

അത്തരം ശിക്ഷാ നടപടികളോ ചെക്ക് റിപ്പോര്‍ട്ടോ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷമേ ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം ആയത് തീര്‍പ്പ് കല്‍പ്പിക്കുമ്പോഴുള്ള ബാദ്ധ്യത വാങ്ങിയാള്‍ക്കായിരിക്കും.

Story Highlights: Motor vehicle department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here