20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ലോക്ക് ഡൗണിലുണ്ടായ സാമ്പത്തിക ആഘാതങ്ങളെ മറികടക്കാൻ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരുന്ന പാക്കേജാണ് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രഖ്യാപിച്ചത്. സർവമേഖലകൾക്കും കരുത്ത് പകരുന്നതായിരിക്കും പാക്കേജ്. ‘ആത്മനിർഭർ അഭിയാൻ’ എന്നാണ് പാക്കേജിനെ പ്രധാനമന്ത്രി വിളിച്ചത്. എല്ലാ തൊഴിൽ മേഖലകൾക്കും ഈ പാക്കേജ് ഗുണമാകുമെന്നും രാജ്യന്തര മത്സരത്തിന് രാജ്യത്തെ പ്രാപ്തമാക്കുമെന്നും പ്രധാനമന്ത്രി. കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം തോൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നാളെയായിരിക്കും പാക്കേജിന്റെ വിശദമായ പ്രഖ്യാപനം ഉണ്ടാകുക. ചെറുകിട വ്യവസായങ്ങൾ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, മധ്യവർഗം എന്നിവർക്ക് പ്രാമുഖ്യം നല്‍കുന്നതാണ് പാക്കേജ്. സാമ്പത്തിക പരിഷ്‌കരണത്തിന്റെ ആദ്യ ചുവടുവയ്പായിരിക്കും ഇത്.
ഇതുപോലൊരു സാഹചര്യം രാജ്യത്ത് ഇതുവരെ ഉണ്ടായിട്ടില്ല. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. മിക്കവർക്കും പ്രിയപ്പെട്ടവരെ നഷ്ടമായി. നാം കീഴടങ്ങുകയോ തോറ്റ് പിന്മാറുകയോ ഇല്ലെന്നും പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ ജീവിതം താറുമാറാക്കി. ഇത്തരമൊരു പ്രതിസന്ധി ലോകം ഇതുവരെ നേരിട്ടിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു . നമ്മുടെ ദൃഡനിശ്ചയം കൊവിഡ് ഉയർത്തുന്ന വെല്ലുവിളിയെക്കാൾ വലുതാണ്. കൊവിഡ് പോരാട്ടത്തിൽ നമ്മൾ തോൽക്കുകയോ തകരുകയോ ഇല്ല. കൊവിഡിൽ നിന്ന് രാജ്യം രക്ഷ നേടും. കൊവിഡ് പ്രതിരോധ പ്രവർത്തനം തുടങ്ങിയിട്ട് നാലുമാസം പൂർത്തിയായെന്നും മോദി പറഞ്ഞു.
economic package, prime minister, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here