സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ എംപിമാർ

സംസ്ഥാന സർക്കാരിനെതിരെ ആരോപണവുമായി കേരളത്തിൽ നിന്നുളള പ്രതിപക്ഷ എംപിമാർ. പ്രവാസികളെയും ഇതരസംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെയും നാട്ടിലെത്തിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും ആരോപണം. നാട്ടിലെത്തിച്ചവർക്കായി ഏർപ്പെടുത്തിയ ക്വാറന്റീൻ സംവിധാനങ്ങൾ സമ്പൂർണ പരാജയമാണെന്നും എംപിമാർ കുറ്റപ്പെടുത്തി.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുന്നുവെന്നും കേരളത്തിൽ നിന്നുളള എംപിമാരെ വിശ്വാസത്തിലെടുക്കാൻ സർക്കാർ തയാറാകുന്നില്ലെന്നും യുഡിഎഫ് കൺവീനർ കൂടിയായ ബെന്നി ബെഹനാൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം വിടുവായത്തം മാത്രം നിറഞ്ഞ റിയാലിറ്റി ഷോയാണെന്ന് കെ മുരളീധരൻ എംപിയും ആരോപിച്ചു.

പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശസ്ഥാപന പ്രതിനിധികളുമായി പോലും ചർച്ച നടത്തുന്ന മുഖ്യമന്ത്രി സംസ്ഥാനത്ത് നിന്നുളള എംപിമാരെ അവഗണിക്കുകയാണെന്നും ബെന്നി ബെഹനാൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വെറും റിയാലിറ്റി ഷോ മാത്രമാണെന്നാണ് കെ മുരളീധരന്റെ ആക്ഷേപം. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിനെതിരെയും മുരളീധരൻ വിമർശനമുന്നയിച്ചു. ലോക്ക് ഡൗൺ വരുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ സമ്പത്ത് ഡൽഹിയിൽ നിന്ന് മുങ്ങിയെന്ന് കെ മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ കേരള ഹൗസിലേക്ക് സഹായ അഭ്യർത്ഥനയുമായി വരുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ അവിടെ ആരുമില്ലെന്നും മുരളീധരൻ വിമർശിച്ചു. മുഖ്യമന്ത്രിയുടെ അഞ്ച് മണി റിയാലിറ്റി ഷോയിൽ നടക്കുന്നത് വിടുവായത്തം മാത്രമാണെന്നും കുടിയൻമാരുടെ കാര്യത്തിൽ കാണിക്കുന്ന താത്പര്യമെങ്കിലും കർഷകരോടും മത്സ്യത്തൊഴിലാളികളോടും കാണിക്കണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

 

congress, cpim, lock down, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top