ലോക്ക് ഡൗണിന് ശേഷമുള്ള ഇളവുകൾ; ജനങ്ങളോട് അഭിപ്രായം ആവശ്യപ്പെട്ട് ഡൽഹി സർക്കാർ

ലോക്ക് ഡൗൺ മൂന്നാം ഘട്ടത്തിന് ശേഷം ഇളവുകളുടെ കാര്യത്തിൽ ജനങ്ങളോട് നിർദേശങ്ങൾ ആരാഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. നിർദേശങ്ങൾ സമർപ്പിക്കായി മെയിൽ ഐഡിയും ഫോൺ നമ്പറും സർക്കാർ പുറത്തുവിട്ടു. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന ഈ മാസം 17ന് ശേഷം നിയന്ത്രണങ്ങൾ മുഴുവനായി നീക്കാനാകില്ലെന്നും ജനങ്ങൾ സാമൂഹിക അകലം പാലിക്കണമെന്നും കേജ്‌രിവാൾ പറഞ്ഞു. ബസ്, മെട്രോ, ഓട്ടോ, ടാക്സി, വിദ്യാലയങ്ങൾ, ചന്ത തുടങ്ങിയ സ്ഥാപനങ്ങളും സർവീസുകളും പുനരാരംഭിക്കേണ്ടതുണ്ടോ എന്നും നിയന്ത്രണങ്ങൾ തുടരേണ്ടത് എവിടെയൊക്കെയാണെന്നും കേജ്‌രിവാൾ നേരിട്ട് ജനങ്ങളോട് ചോദിച്ചു. ജനങ്ങളുടെ നിർദേശത്തിനായുള്ള കാത്തിരിപ്പിലാണെന്നും കിട്ടുന്നവ പരിഗണിക്കുകയും കേന്ദ്ര സർക്കാരിലേക്ക് അയക്കുകയും ചെയ്യുമെന്നും ഡൽഹി മുഖ്യമന്ത്രി.

കഴിഞ്ഞ ദിവസം നടന്ന വിഡിയോ കോൺഫറൻസിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് മൂന്നാം ഘട്ട ലോക്ക് ഡൗണിന് ശേഷം എന്തെന്ന കാര്യത്തിൽ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രത്യേക ആവശ്യങ്ങൾ സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് അറിയിക്കാം. 15ാം തിയതി വരെയാണ് ഇക്കാര്യത്തിൽ നിർദേശം സമർപ്പിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് സമയം നൽകിയിരിക്കുന്നത്. അതിനാലാണ് കേജ്‌രിവാൾ ജനങ്ങളോട് നേരിട്ട് തന്നെ നിർദേശങ്ങളറിയിക്കാൻ പറഞ്ഞത്. നിർദേശങ്ങൾ delhicm.suggestions@gmail.com എന്ന ഇമെയിൽ ഐഡിയിലേക്കും 8800007722 എന്ന വാട്‌സാപ്പ് നമ്പറിലും സന്ദേശമായി നൽകാമെന്ന് കേജ്രിവാൾ അറിയിച്ചു.

അതേസമയം രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് സർവീസ് തുടങ്ങിയത്. ഇന്ന് 15 ട്രെയിനുകളാണ് ഓടി തുടങ്ങിയിരിക്കുന്നത്.

 

delhi government, aravind kejriwal, lock down, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top