ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ മാത്രം; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ കുതിപ്പ്

coronavirus india

ലോക്ക്ഡൗൺ മൂന്നാം ഘട്ടം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻകുതിപ്പ്. ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 8500 ഉം തമിഴ്നാട്ടിൽ 8000 വും കടന്നു. ത്രിപുരയിൽ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 67152 ആയി. 2206 പേർ മരിച്ചു. അതേസമയം, നേരത്തെ രോഗം സ്ഥിരീകരിച്ച അഞ്ച് എയർ ഇന്ത്യ പൈലറ്റുമാർക്ക് തുടർപരിശോധനയിൽ നെഗറ്റീവ് ആയി.

മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. റിപ്പോർട്ട് ചെയ്യുന്ന പോസിറ്റീവ് കേസുകളിൽ 31.15 ശതമാനം പേർക്ക് രോഗം ഭേദമാകുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗുജറാത്തിൽ 24 മണിക്കൂറിനിടെ 347 പോസിറ്റീവ് കേസുകളും 20 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 8542 ആണ്. മരണം 513 ആയി. രോഗം പടരുന്ന അഹമ്മദാബാദിൽ ആകെ പോസിറ്റീവ് കേസുകൾ 6086 ആയി ഉയർന്നു. 400 പേർ മരിച്ചു.

തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത 798 കേസുകളിൽ 538 പേരും ചെന്നൈയിലാണ്. ആകെ കൊവിഡ് ബാധിതർ 8002 ആയി. ഡൽഹിയിൽ 24 മണിക്കൂറിനിടെ 310 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 7233 ആയി. രാജസ്ഥാനിൽ അഞ്ച് പേർ കൂടി മരിച്ചതോടെ മരണനിരക്ക് 113 ആയി ഉയർന്നു. പോസിറ്റീവ് കേസുകൾ നാലായിരത്തിലേക്ക് അടുക്കുകയാണ്. മധ്യപ്രദേശിൽ വൈറസ് ബാധിതർ 3,785 ആണ്. ഉത്തർപ്രദേശിൽ 106 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.

Story Highlights: coronavirus india

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top