മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ ഇന്ന് കൊച്ചിയിൽ എത്തും

ins magar

ഓപ്പറേഷൻ സമുദ്ര സേതുവിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നുള്ള രണ്ടാമത്തെ കപ്പൽ ഇന്നു വൈകിട്ട് ഏഴ് മണിയോടെ കൊച്ചി തുറമുഖത്തെത്തും. ഇന്ത്യൻ നാവിക സേനയുടെ യുദ്ധകപ്പലായ ഐഎൻഎസ് മഗറിൽ 93 മലയാളികളുൾപ്പടെ 202 യാത്രക്കാരാണുള്ളത്.

കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും വിരാമമിട്ടുകൊണ്ടാണ് മാലിദ്വീപിൽ നിന്നും പ്രവാസികളുമായി നേവിയുടെ രണ്ടാമത്തെ കപ്പൽ കൊച്ചിയിലെത്തുന്നത്. 17 സംസ്ഥാനങ്ങളിൽ നിന്നുള്ളവരുണ്ട് കപ്പലിൽ. ഇതിൽ 93 പേർ മലയാളികളാണ്. യാത്രക്കാരിൽ 18 ഗർഭിണികളും മൂന്ന് കുട്ടികളുമുണ്ട്.

ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ കൊച്ചിൻ പോർട്ട്‌ അധികൃതർ ഉൾപ്പെടെ പ്രവാസികളെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി. മെയ് 10 ന് മാലിദ്വീപിൽ നിന്നും പുറപ്പെട്ട ഐഎൻഎസ് മഗർ വൈകിയാണ് കൊച്ചി തുറമുഖത്തെത്തുന്നത്. കടലിലെ ശക്തമായമായ കാറ്റും അനുകൂലമല്ലാത്ത കാലാവസ്ഥയും യാത്രയെ ബാധിച്ചു. കാലാവസ്ഥ പ്രതീകൂലമല്ലെങ്കിൽ ഇന്ന് വൈകീട്ട് ഏഴ് മണിയോടെ മാലിദ്വീപിൽ നിന്നുള്ള 202 പ്രവാസികളുമായി ഐഎൻഎസ് മഗർ കൊച്ചി തുറമുഖത്ത് നങ്കുരമിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights:  Maldives, lockdown

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top