ട്രെയിനിൽ വരുന്നവർ പാസ് എടുക്കണം; പാസില്ലാത്തവർ 14 ദിവസം നിരീക്ഷണത്തിൽ പോകണം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതോടെ ടിക്കറ്റ് എടുക്കുന്നവർ പാസിനുവേണ്ടി ‘കൊവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷ സമർപ്പിക്കണമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. മറ്റു മാർഗങ്ങളിലൂടെ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അത് റദ്ദാക്കി റെയിൽമാർഗം വരുന്നു എന്ന് കാണിച്ച് പുതുതായി അപേക്ഷിക്കേണ്ടതാണ്.
ഇതുവരെ പാസിന് അപേക്ഷിക്കാത്തവർക്ക് പുതുതായി അപേക്ഷിക്കാനുള്ള സൗകര്യമുണ്ടാകും. ഒരു ടിക്കറ്റിൽ ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി രേഖപ്പെടുത്തണം. പുറപ്പെടുന്ന സ്റ്റേഷൻ, എത്തേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പിഎൻആർ നമ്പർ എന്നിവ നിർബന്ധമായും രേഖപ്പെടുത്തണം. കേരളത്തിലിറങ്ങുന്ന റെയിൽവെ സ്റ്റേഷനുകളിൽ വിശദാംശങ്ങൾ പരിശോധിക്കും. വൈദ്യപരിശോധനയ്ക്കുശേഷം രോഗലക്ഷണം ഇല്ലാത്തവർ 14 ദിവസത്തെ നിർബന്ധിത ഹോം ക്വാറൻറൈനിൽ പ്രവേശിക്കേണ്ടതുമാണ്. ഹോം ക്വാറൻറൈൻ പാലിക്കാത്തവരെ നിർബന്ധമായും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിൽ മാറ്റും. രോഗലക്ഷമുള്ളവരെ തുടർപരിശോധനകൾക്ക് വിധേയരാക്കും.
Read Also : രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ
റെയിൽവെ സ്റ്റേഷനിൽനിന്നും വീടുകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാൻ ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾ അനുവദിക്കും. ഇത്തരം വാഹനങ്ങളിൽ സാമൂഹ്യ അകലം പാലിക്കേണ്ടതും ഡ്രൈവർ ഹോം ക്വാറൻറൈൻ സ്വീകരിക്കേണ്ടതുമാണ്. റെയിൽവെ സ്റ്റേഷനിൽനിന്നും വിവിധ സ്ഥലങ്ങളിലേക്ക് കെഎസ്ആർടിസി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവെ സ്റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തും.
കൊവിഡ്19 ജാഗ്രതാ പോർട്ടലിൽ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാർ 14 ദിവസം നിർബന്ധിത ഇൻസ്റ്റിറ്റിയൂഷണൽ ക്വാറൻറൈനിൽ പോകേണ്ടിവരുമെന്നും സർക്കാർ വ്യക്തമാക്കി.
Story Highlights- train travellers should obtain pas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here