സ്ത്രീ വിഷയം, ഭൂമി തട്ടിപ്പ്: തനിക്കെതിരെ ആരോപണമുന്നയിച്ച ഷാജൻ സ്‌കറിയയ്ക്ക് മറുപടിയുമായി ബോബി ചെമ്മണ്ണൂർ

തനിക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ഷാജൻ സ്‌കറിയയ്ക്ക് മറുപടിയുമായി വ്യവസായി ബോബി ചെമ്മണ്ണൂർ. രണ്ട് വർഷമായി ഷാജൻ സ്‌കറിയ തന്നെ കുറിച്ച് അപവാദം പറഞ്ഞ് പരത്തുകയാണെന്ന് ബോബി ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. എന്നാൽ താൻ പ്രതികരിച്ചിട്ടില്ല. സ്‌നേഹം കൊണ്ട് ലോകം കീഴടക്കുക എന്നതാണ് തന്റെ മുദ്രാവാക്യം തന്നെ. ആരെന്ത് പറയുന്നു എന്നത് തനിക്ക് പ്രശ്‌നമല്ല. എന്നെ കുറിച്ച് ഞാൻ എന്ത് ചിന്തിക്കുന്നു എന്നതാണ് പ്രശ്‌നം. എന്നാൽ നിലവിൽ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് ബോബി ചെമ്മണ്ണൂർ.
തൃശൂർ മണ്ണുത്തിയിലെ ഓക്‌സിജൻ സിറ്റി ഭൂമി ബോബി ചെമ്മണ്ണൂരിന്റേത് അല്ലെന്ന് ഷാജൻ സ്‌കറിയ ആരോപിച്ചിരുന്നു. എന്നാൽ തന്റെയാണെന്നും അതിന് ആധാരമുണ്ടെന്നും ബോബി പറഞ്ഞു. ഷാജൻ സ്‌കറിയയ്ക്ക് തന്നെ സ്റ്റുഡിയോയിലേക്ക് വിളിക്കാമെന്നും തെളിവ് കാണിക്കാമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. 62 ഏക്കറുള്ള ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതിയില്ലെന്ന് ഷാജൻ സ്‌കറിയ ആരോപിച്ചിരുന്നു.
എന്നാൽ അത് വാസ്തവ വിരുദ്ധമാണെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ഓക്‌സിജൻ സിറ്റി പദ്ധതി മൂന്ന് ഘട്ടമായാണ് നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ ഷോപ്പിംഗ് മോൾ, രണ്ടാം ഘട്ടത്തിൽ അമ്യൂസ്‌മെന്റ് പാർക്ക്, ഫിലിം സിറ്റി, മൂന്നാം ഘട്ടത്തിൽ അപാർട്ട്‌മെന്റുകൾ എന്നിങ്ങനെയാകും പണിയുക. ആദ്യ ഘട്ടത്തിനുള്ള അനുമതി ലഭിച്ചു കഴിഞ്ഞുവെന്നും പദ്ധതിയുടെ 80% പേപ്പർ വർക്കുകളും പൂർത്തിയാക്കിയെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
ബോബി ചെമ്മണ്ണൂർ ധരിക്കുന്ന വേഷത്തെയും ഷാജൻ സ്‌കറിയ വിമർശിച്ചിരുന്നു. എന്നാൽ തനിക്ക് അത് വിഷയമല്ലെന്നും ആരെന്ത് കരുതിയാലും തനിക്ക് പ്രശ്‌നമല്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. അവാർഡ് നൽകുന്നതിന് ലഭിച്ച വിമർശനത്തിനും ബോബി ചെമ്മണ്ണൂർ മറുപടി പറയുന്നുണ്ട്. സ്ത്രീകളുമായി ബന്ധപ്പെടുത്തി ഷാജൻ സ്‌കറിയ ഉന്നയിച്ച ആരോപണത്തിനും ബോബി ചെമ്മണ്ണൂർ മറുപടി പറഞ്ഞു. സ്ത്രീകളെ ഇഷ്ടപ്പെടുന്നതിൽ എന്താണ് തെറ്റെന്നും, തനിക്ക് കുറേ സ്ത്രീ സുഹൃത്തുക്കളുണ്ടെന്നും ബോബി പറഞ്ഞു. എല്ലാവരും തുല്യരല്ലേയെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.
Story Highlights- boby chemmannur against shajan scaria
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.