നിയന്ത്രണങ്ങളോടെ വിമാനയാത്ര; 80 വയസിനു മുകളിൽ പ്രായമുളളവർക്ക് യാത്രാനുമതി നൽകില്ല

എയർ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികൾ ജൂൺ ഒന്നു മുതലുള്ള ആഭ്യന്തര- വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച സാഹചര്യത്തിൽ 80 വയസിനു മുകളിൽ പ്രായമുളളവർക്ക് യാത്രാനുമതി നൽകേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇതിനു പുറമേ യാത്രക്കാരുടെ മൊബൈൽ ഫോണിൽ ആരോഗ്യ സേതു ആപ് നിർബന്ധമാക്കാനും നിബന്ധനകളോടെ സർവീസ് ആരംഭിക്കാനുള്ള നടപടികൾക്കും മന്ത്രാലയം തുടക്കമിട്ടു.
നിലവിൽ കേരളത്തിൽ നിന്നും ഡൽഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗൾഫിലേക്കും ടിക്കറ്റ് ലഭ്യമാണ്. വരുംദിവസങ്ങളിൽ 25- 30 % സർവീസുകൾ ആരംഭിക്കുന്നതിനു തയാറാകാൻ പൈലറ്റുമാർക്ക് എയർ ഇന്ത്യ നിർദേശം നൽകി.
അതേസമയം, കർശന നിബന്ധനകൾ പാലിച്ചുകൊണ്ടുള്ള യാത്രയുടെ ഭാഗമായി യാത്ര തുടങ്ങുന്നതിന് മുന്ന് മണിക്കൂർ മുൻപ് തന്നെ യാത്രക്കാർ എയർ പോർട്ടിൽ എത്തേണ്ടതുണ്ട്. മാത്രമല്ല, വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ചെക്ക് ഇൻ കൗണ്ടർ അടയ്ക്കും.
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാക്കും. വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും കയറും മുൻപ് തെർമൽ സ്‌കാനർ പരിശോധനയ്ക്ക് വിധേയരാക്കും. പരിശോധനയിൽ രോഗലക്ഷണങ്ങളുണ്ടെന്ന് മനസിലായാൽ യാത്ര ചെയ്യാൻ അനുവദിക്കില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ യാത്രക്കാർക്ക് മറ്റൊരു തീയതിയിൽ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാം.
read also:ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം എത്തി
യാത്രക്കാരുടെ ബോർഡിംഗ് പാസ് സ്റ്റാംപ് ഒഴിവാക്കും. യാത്രക്കാരുടെ ദേഹപരിശോധന പരമാവധി ഒഴിവാക്കും. പകരം മെറ്റൽ ഡിറ്റക്ടറുകൾ ഉപയോഗിക്കും. യാത്രക്കാർക്കിടയിൽ സീറ്റ് ഒഴിച്ചിടില്ല, പകരം യാത്രയ്ക്കിടയിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റുന്നതിന് അവസാന 3 വരിയിലെ സീറ്റുകൾ ഒഴിച്ചിടും.
20 കിലോയിൽ താഴെയുള്ള ഒരു ബാഗ് മാത്രം ചെക്ക് ഇൻ ബാഗേജ് ആയി അനുവദിക്കൂ. വിമാനത്തിൽ ഭക്ഷണ വിതരണം ഉണ്ടാവില്ല. വെള്ളം ലഭ്യമാക്കും.
എന്നാൽ, ആഭ്യന്തര സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിൽ വിമാനക്കമ്പനികളും എയർപോർട്ട് അതോറിറ്റി, സിഐഎസ്എഫ് എന്നിവയുമായുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയം ചർച്ച തുടരുകയാണ്. കൊവിഡ് മുക്തമായ നഗരങ്ങളിലേക്ക് 15 മുതൽ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യം ചില കമ്പനികൾ ഉന്നയിച്ചിട്ടുണ്ട്. അതേസമയം, ലോക്ക് ഡൗണിനുശേഷം സർവീസ് ആരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് വ്യോമയാന മന്ത്രാലയം.
Story highlight-Flight with restrictions; No travel allowance for persons over 80 years of age
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here