അമേരിക്കയിലെ കപ്പലുകളിൽ കുടുങ്ങിയ ജീവനക്കാരെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു

കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയിലെ കപ്പലുകളിൽ കുടുങ്ങിയ ജീവനക്കാരെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. റോയൽ കരിബീയൻ ഇന്റർനാഷണലിന്റെ 18 കപ്പലുകളിലെ മൂവായിരത്തോളം ഇന്ത്യക്കാരുമായി കപ്പൽ യാത്ര പുറപ്പെട്ടു. 150 മലയാളികൾ അടങ്ങുന്ന സംഘവുമായി ജൂൺ 5 ന് കപ്പൽ ഗോവയിൽ എത്തുമെന്നാണ് പ്രതീക്ഷ.
അമേരിക്കയിൽ കൊവിഡ് 19 രൂക്ഷമായ സാഹചര്യത്തിലാണ് റോയൽ കരിബീയൻ ഇന്റർനാഷണലിന്റെ 18 കപ്പലുകളിലെ ജീവനക്കാരെ നാട്ടിലെത്തിക്കാൻ നടപടി തുടങ്ങിയത്. വിവിധ കപ്പലുകളിലായി മൂവായിരത്തോളം ജീവനക്കാർ കുടുങ്ങിയിരുന്നു. പിന്നീട് കപ്പൽ അധികൃതർ ഇടപെട്ട് ഇവരെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു. ഇതിൽ ഇന്ത്യക്കാരെ ആന്തം ഓഫ് സീസ് ക്രൂസ് കപ്പലിലാണ് നാട്ടിലെത്തിക്കുന്നത്.
read also:എച്ച് 1ബി അടക്കമുള്ള വീസകൾക്ക് അമേരിക്ക താത്കാലിക നിരോധനം ഏർപ്പെടുത്തിയേക്കും
ഈ മാസം 10 ന് കപ്പൽ അമേരിക്കയിലെ മയാമിയിൽ നിന്ന് പുറപ്പെട്ടു. 150 മലയാളികൾ അടങ്ങുന്ന സംഘവുമായി അടുത്ത മാസം അഞ്ചിന് ഗോവയിൽ എത്തുമെന്നാണ് പ്രതീക്ഷ. മൂന്ന് ദിവസം യാത്ര പിന്നിട്ട് കപ്പൽ ഇപ്പോൾ കരിബീയൻ രാജ്യമായ ഹെയ്ത്തിയിൽ എത്തി. തുടർന്ന് ഗ്രീസ്, യുകെ, ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരെയും കപ്പലിൽ കയറ്റും. കഴിഞ്ഞ ദിവസം റോയൽ കരിബീയൻ ഇന്റർനാഷണലിന്റെ ഒരു കപ്പലിലെ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഈ കപ്പലിലെ ജീവനക്കാരെ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കപ്പൽ ഗോവയിൽ എത്തുമ്പോൾ ഇവരുടെ നിരീക്ഷണ കാലാവധി പൂർത്തിയാകും. യാത്രയ്ക്കിടെ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ അവരെ ക്വറന്റീൻ ചെയ്യാനാണ് നടപടി.
Story highlights-Steps to repatriate ships stranded in US
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here