Advertisement

സിനിമകളുടെ ഓൺലൈൻ റിലീസ് തുടങ്ങിയാൽ തിയറ്ററുകാർ പിന്നെ എന്തുചെയ്യും?; സംവിധായക വിധു വിൻസെന്റ്

May 15, 2020
Google News 2 minutes Read
vidhu vincent

മലയാളത്തിലെ സിനിമയടക്കം ഒരു ഡസനിൽ പരം ബഹുഭാഷ ചിത്രങ്ങൾ ഓൺലൈൻ റിലീസിന് തയാറെടുത്ത് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ തിയറ്റർ ഉടമകളാകട്ടെ ആശങ്കാകുലരും. ഈ സമയത്ത് വിഷയത്തിൽ പ്രധാന്യമർഹിക്കുന്ന ചോദ്യങ്ങൾ ഉന്നയിച്ചിരിക്കുകയാണ് സംവിധായകയായ വിധു വിൻസെന്റ്. തിയറ്റർ ഉടമകളുടെയും തിയറ്ററിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെയും ഭാഗത്ത് നിന്നുള്ള ചോദ്യങ്ങളാണ് വിധു ഉന്നയിച്ചിരിക്കുന്നത്. അവരുടെ ജീവിതവും ഇക്കാര്യത്തിൽ പരിഗണിക്കണമെന്ന് വിധു ആവശ്യപ്പെടുന്നു. കൂടാതെ ചില കാര്യങ്ങൾ കൂടി ശ്രദ്ധയിൽ പെടുത്തുന്നുണ്ട് വിധു വിൻസെന്റ്.

കുറിപ്പ് താഴെ,

ജയസൂര്യയും അതിഥി റാവുവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സൂഫിയും സുജാതയും ആമസോൺ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു. വിജയ് ബാബു, ജയസൂര്യ, മറ്റെല്ലാ ടീമംഗങ്ങൾക്കും ആശംസകൾ.തിയറ്ററുകൾ അടഞ്ഞുകിടക്കുന്ന ഈ കാലത്ത് സിനിമക്ക് വേണ്ടി പണം മുടക്കിയവർക്കും പ്രതിഫലം കാത്തിരിക്കുന്നവർക്കുമൊക്കെ വലിയ ആശ്വാസമാണ് ഒടിടി പ്ലാറ്റ്‌ഫോമുകൾ.പക്ഷേ ഒപ്പം ഓർക്കേണ്ട മറ്റു ചില കാര്യങ്ങൾ കൂടിയുണ്ട്.

കേരളത്തിൽ ചെറുതും വലുതുമായ അഞ്ഞൂറോളം തിയറ്ററുകളുണ്ട്. മൾട്ടിപ്ലക്‌സുകൾ വേറെയും. ഒരു സ്‌ക്രീൻ മാത്രമുള്ള തിയറ്ററിൽ മിനിമം 7 – 10 ജീവനക്കാർ ഉണ്ടാവും. സ്‌ക്രീനിന്റെ എണ്ണമനുസരിച്ച് ജീവനക്കാരുടെ എണ്ണവും കൂടും. പലിശയ്ക്ക് കടമെടുത്തും ലോൺ സംഘടിപ്പിച്ചുമൊക്കെ തിയറ്റർ നടത്തുന്ന ഇടത്തരം തിയറ്റർ ഉടമകൾ, (ഇങ്ങനെ തിയറ്റർ നടത്തിയിരുന്ന വകയിലൊരു ബന്ധു കൊട്ടക പൂട്ടി കല്യാണമണ്ഡപമാക്കിയിരുന്നു) ഈ തിയറ്ററുകളിൽ ജോലി ചെയ്യുന്ന അയ്യായിരത്തിൽപരം ജീവനക്കാർ, അവരെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങൾ.. ഇവരുടെയൊക്കെ ജീവിതം കൂടി ചേർത്തുവച്ച് വേണം ഈ വിഷയത്തെ കാണാൻ.

read also:ഓൺലൈൻ റിലീസിന് തയാറെടുത്ത് മലയാള ചിത്രം ‘സൂഫിയും സുജാതയും’

ഇപ്പോൾ അടച്ചിട്ടിരിക്കയാണെങ്കിലും നാലോ അഞ്ചോ പേർ ഓരോ തിയറ്ററിലും ഇപ്പോഴും ജോലിക്കെത്തുന്നുണ്ട്. പ്രൊജക്ടറും മറ്റ് സംവിധാനങ്ങളും കേടാകാതെ നിർത്താൻ ഇടക്കിടെ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമിൽ സിനിമകൾ റിലീസായി തുടങ്ങിയാൽ ഈ തിയറ്ററുകാർ പിന്നെ എന്തുചെയ്യും? അവരുടെ ജോലി, ശമ്പളം, ജീവിതം? ഇക്കാര്യത്തിൽ സർക്കാരും ബന്ധപ്പെട്ട വിഭാഗങ്ങളും തമ്മിൽ വിശദമായ ചർച്ച ആവശ്യമാണ്.
ബോളിവുഡിലും അടുത്തിടെ തമിഴ്‌നാട്ടിലും സിനിമകൾ ഡിജിറ്റൽ റിലീസിംഗ് നടത്തിയിരുന്നു. ഒരു പക്ഷേ അനിവാര്യമായ ഒരു ‘പരിഹാര ‘മായി മലയാള സിനിമകൾക്കും ആ വഴി പോവേണ്ടി വരുമോ? കൊവിഡ് ഉടനെങ്ങും പോവില്ല എന്നാണെങ്കിൽ പ്രസ്തുത പ്രശ്‌നങ്ങൾക്ക് പരിഹാരം ഒടിടി പ്ലാറ്റ്‌ഫോമുകൾ മാത്രമാണോ? മറ്റെന്തൊക്കെ സാധ്യതകൾ ഉണ്ട്? സിനിമാ നിർമാണത്തിലും വിതരണത്തിലും ഒക്കെ കാര്യമായ ചില പൊളിച്ചെഴുത്തുകൾ വേണ്ടി വരില്ലേ? കാര്യമായ ആലോചനയും വിശദമായ ചർച്ചയും ബുദ്ധിപൂർവ്വമായ ഇടപെടലും വേണം.

Story highlights-director vidhu vincent, fb post, online film release

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here