ലോക്ക്ഡൗൺ കാലത്ത് എന്തുകൊണ്ട് വീട്ടിലെ വൈദ്യുതി ബിൽ കൂടുതലായി..? [24 Explainer]

kseb

ലോക്ക്ഡൗണിനെ തുടർന്ന് ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെയാണ്. പ്രതീക്ഷിക്കാതെ കിട്ടിയ, ദീർഘകാലം നീണ്ടു നിൽക്കുന്ന ഒരു കുടുംബ ഒത്തുചേരൽ ആയിരുന്നു ലോക്ക്ഡൗൺ സമ്മാനിച്ചത്. സ്വാഭാവികമായും ബോറടി മാറ്റുന്നതിനുള്ള വിവിധ മാർ​ഗങ്ങൾ എല്ലാവരും സ്വീകരിച്ചു. ചിലർ മണിക്കൂറുകളോളം ടി വി കണ്ടു. മറ്റു ചിലർ സോഷ്യൽ മീഡിയയിൽ മുഴുകി. മറ്റുചിലർ പാചകകലയിൽ പരീക്ഷണങ്ങളുമായി മുന്നോട്ടു പോയി. ചിലരാകട്ടെ കലാപരമായ കഴിവുകൾ പൊടിതട്ടിയെടുത്ത് പ്രകടിപ്പിച്ചു. ഇതിനൊന്നും മിനക്കെടാത്ത മറ്റൊരു വിഭാഗം രാവും പകലും ഉറങ്ങിത്തീർത്തു. ഇത്തരത്തിൽ ജനങ്ങൾക്ക് മാനസിക പിരിമുറുക്കം ഇല്ലാതെ ലോക്ക്ഡൗൺ കാലം കഴിച്ചുകൂട്ടാൻ വൈദ്യുതി അടിസ്ഥാന അവശ്യഘടകമായി തീർന്നിരുന്നു.

ലോക്ക്ഡൗൺ കാലയളവിൽ വൈദ്യുതിയുപയോഗം അതിന്റെ അതുവരെയുണ്ടായിരുന്ന പ്രവണതയിൽ നിന്നും വളരെയധികം വ്യതിചലിച്ചു. സാധാരണയായി വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗത്തിൽ കുതിച്ചു ചാട്ടം ഉണ്ടാകാറുണ്ടെങ്കിലും ഈ വേനലിൽ നാളിതുവരെയുള്ള റിക്കോർഡ് ഭേദിക്കുന്ന ഉപയോഗമാണ് വീടുകളിൽ ഉണ്ടായത്. ഇത്തരത്തിൽ ഉപയോഗം വഴിയായി സ്വാഭാവികമായും വൈദ്യുതി ബില്ലും കൂടും എന്ന ധാരണ പലർക്കും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് വൈദ്യുതി ബില്ലിനെക്കുറിച്ച് ഇത്രയേറെ പരാതികൾ ഉയർന്നതും. വീട്ടിലെ ഓരോ ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ എത്രനേരം കൊണ്ട് ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും എന്ന് മനസിലാക്കുന്നത് ഈ സാഹചര്യത്തിൽ നന്നായിരിക്കും.

ആദ്യം ഇടത്തരം വീടുകളിലെ സ്ഥിതി നോക്കാം. ടിവിയും റെഫ്രിജറേറ്ററും ഇല്ലാത്ത ഇടത്തരം മലയാളി ഭവനങ്ങൾ ചുരുക്കം. ലോക്ക്ഡൗണിനുമുമ്പ് ടിവി ഉപയോഗിച്ചിരുന്നത് നാലോ അഞ്ചോ മണിക്കൂർ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 15 മണിക്കൂറോളമായി. ടിവി കാണുമ്പോൾ ഒരു ലൈറ്റും ഫാനും നിർബന്ധം. ഈ രീതിയിൽ അഞ്ച് മണിക്കൂർ ഉപയോഗിക്കുമ്പോൾ ഒരു യൂണിറ്റായി. ടിവി കാണുന്നതിന് മാത്രം ഒരു ദിവസം ഏറ്റവും കുറഞ്ഞത് രണ്ടു യൂണിറ്റ് കറണ്ടാവും (ലൈറ്റും ഫാനും ഉൾപ്പടെ). കിടപ്പുമുറിയിൽ ഒരു ഫാൻ എട്ട് മണിക്കൂർ പ്രവർത്തിക്കുമ്പോൾ അര യൂണിറ്റ് ആയി. അങ്ങനെ രണ്ടു കിടപ്പു മുറി ഉപയോഗിക്കുമ്പോൾ ഒരു യൂണിറ്റ് ഫാനിനു മാത്രം ചെലവാകുന്നു എന്നോർക്കുക.

റെഫ്രിജറേറ്റർ ഒരു ദിവസം മുക്കാൽ യൂണിറ്റ് മുതൽ ഒരു യൂണിറ്റ് വരെ ഉപയോഗിക്കും. കംപ്രസർ കേടാണെങ്കിൽ അത് അതിലും കൂടുതലാകും. പിന്നെ അത്യാവശ്യം മറ്റുപകരണങ്ങൾ കൂടിയാകുമ്പോൾ ഇടത്തരം വീടുകളിൽ ഒരു ദിവസം നാല് യൂണിറ്റ് ഉപയോഗം ആയി. 60 ദിവസത്തെ ഉപയോഗം ശരാശരി നാല് യൂണിറ്റ് വച്ച് കണക്കാക്കിയാൽ 240 യൂണിറ്റ്. രണ്ടുമാസം കൊണ്ട് 240 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്സിഡി നൽകുന്നത്. ശ്രദ്ധയോടെ നിയന്ത്രിച്ച് ഉപയോഗിക്കാതെ, ഉപയോഗം 240 യൂണിറ്റ് കടന്നു പോയാൽ സബ്സിഡിക്ക് പുറത്താവുകയും ബിൽ തുക കൂടുകയും ചെയ്യും.

ഇനി കൂടുതൽ മുറികളുള്ള കുറച്ചു കൂടി വലിയ വീടുകളുടെ കാര്യം നോക്കാം. മൈക്രോവേവ് ഓവൻ, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഗീസറുകൾ, വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ട്രെഡ് മിൽ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉള്ള വീടുകളിലെ കറന്റുബില്ല് സ്വാഭാവികമായും ലോക്ക്ഡൗൺ കാലയളവിൽ കൂടും.

1.5 ടണ്ണിന്റെ ഒരു എയർ കണ്ടീഷണർ അര മണിക്കൂർ പ്രവർത്തിക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ആകും എന്നോർക്കുക. വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് ഗീസർ എന്ന ചെറിയ ഉപകരണം 20 മിനിട്ട് പ്രവർത്തിക്കുമ്പോൾത്തന്നെ ഒരു യൂണിറ്റ് വൈദ്യുതി ആകും.

read also:ഹോം ക്വാറന്റീനിലുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ [24 Explainer]

അടുക്കളയിൽ ഉപയോഗിക്കുന്ന ഉപകരങ്ങളിൽ ഇൻഡക്ഷൻ കുക്കർ (2000W, 30 മിനിറ്റിൽ ഒരു യൂണിറ്റ്), മൈക്രോവേവ് അവൻ (1200 W, 50 മിനിറ്റിൽ ഒരു യൂണിറ്റ്), ഡിഷ് വാഷർ (30 മിനിറ്റിൽ ഒരു യൂണിറ്റ്), റെഫ്രിജറേറ്റർ (ഒരു ദിവസം മുക്കാൽ യൂണിറ്റ് മുതൽ ഒരു യൂണിറ്റ് വരെ), എന്നിവ താരതമ്യേന കൂടുതൽ ഊർജം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്. വൈദ്യുതി കൊണ്ട് പ്രവർത്തിക്കുന്ന ട്രെഡ് മിൽ 40 മിനിറ്റ് പ്രവർത്തിക്കുമ്പോൾ ഒരു യൂണിറ്റ് വൈദ്യുതി ചെലവാകും.

ദ്വൈമാസ ഉപയോഗം 500 യൂണിറ്റിൽ താഴെയാണെങ്കിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ തുടങ്ങി ഘട്ടം ഘട്ടമായി വർധിക്കുന്ന രീതിയിലുള്ള (ടെലിസ്കോപ്പിക്) താരിഫാണ് വരിക. എന്നാൽ ദ്വൈമാസ ഉപയോഗം 500 യൂണിറ്റിന് മുകളിൽ വന്നാൽ, തുടക്കം മുതലുള്ള ഓരോ യൂണിറ്റിനും ആ യൂണിറ്റിന് നിശ്ചയിച്ച തുക നല്കണം. 500 യൂണിറ്റിന് മുകളിൽ ആകുമ്പോൾ മൊത്തം യൂണിറ്റിനും 5.80 രൂപ വച്ച് നൽകണം. 601 യൂണിറ്റ് മുതൽ 700 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.60 രൂപയും, 701 യൂണിറ്റ് മുതൽ 800 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 6.90 രൂപയും, 801 യൂണിറ്റ് മുതൽ 1000 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 7.10 രൂപയും നൽകേണ്ടി വരും. 1000 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് 7.90 രൂപ നിരക്കിൽ മൊത്തം യൂണിറ്റിനും നൽകണം.

അതായത്, വീടുകളിൽ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചാൽ തീർച്ചയായും ബിൽ തുക കുറയ്ക്കാൻ കഴിയും. ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് മനസിലാക്കി നിയന്ത്രിച്ചുമാത്രം ഉപയോഗിക്കുക.

Story highlights-Why electricity bill go up during lockdown,24 Explainer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top