പൊലീസിന്റ പ്രവർത്തനക്രമങ്ങളിൽ മാറ്റം; നിർദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കൽ, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാൻഡേർഡ് ഓപറേറ്റിംഗ് പ്രൊസീജറിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. നിർദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും.
വിവിധ പൊലീസ് സേനകളിലെ നടപടിക്രമങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ ഇതിനോടകം സ്വീകരിച്ചു. എന്നാൽ, ഈ മാറ്റങ്ങൾ ഒരു സാഹചര്യത്തിലും പൊലീസിന്റെ പ്രവർത്തനമികവിനെ ബാധിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എഡിജിപി ഡോ.ബി സന്ധ്യ, ബറ്റാലിയൻ വിഭാഗം എഡിജിപി എം.ആർ അജിത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവർ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥർ അക്കാര്യം ഉടൻതന്നെ മേലധികാരികളെ അറിയിക്കേണ്ടതാണ്.
സാമൂഹിക അകലം ഉൾപ്പെടെയുളള കൊവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവയിൽ മികവ് പുലർത്തുകയും മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യും.
പ്രധാനനിർദേശങ്ങൾ
റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പൊലീസുദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കണം.
സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേർക്ക് റെസ്റ്റ് നൽകുന്ന വിധത്തിൽ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാർ ശ്രമിക്കണം. ബാക്കി പകുതിപ്പേർക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണം.
അടിയന്തിര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാലുടൻ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ് അനുവദിക്കണം.
ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം പൊലീസുദ്യോഗസ്ഥരെ ഫോൺമുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം പൊലീസുദ്യോഗസ്ഥർ ഡ്യൂട്ടിസ്ഥലങ്ങളിൽ നേരിട്ട് ഹാജരായശേഷം ഫോൺവഴി സ്റ്റേഷനിൽ അറിയിച്ചാൽ മതിയാകും.
ഡ്യൂട്ടി കഴിയുമ്പോൾ വീഡിയോ കോൾ, ഫോൺ, വയർലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥർ ദിനംപ്രതി നിർദ്ദേശങ്ങൾ നൽകാൻ എസ്എംഎസ്, വാട്‌സ് ആപ്പ്, ഓൺലൈൻ മാർഗ്ഗങ്ങൾ ഉപയോഗിക്കണം. പൊലീസ് സ്റ്റേഷനുകളിൽ പൊലീസുദ്യോഗസ്ഥർ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേർന്ന് ഇരിക്കുന്നതും ഒഴിവാക്കണം.
ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദർശിക്കാൻ പാടില്ലാത്തതുമാണ്.
ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങൾ എല്ലാ പൊലീസുദ്യോഗസ്ഥർക്കും ലഭ്യമാക്കണം.
പൊലീസുദ്യോഗസ്ഥർ ഭക്ഷണവും വെളളവും കൈയ്യിൽ കരുതുകയും ഇത്തരം ആവശ്യങ്ങൾക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം. ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകൾ, യോഗ എന്നിവ ശീലമാക്കണം.
പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ എല്ലാ പൊലീസ് യൂണിറ്റുകളിലും ഒരു വെൽഫെയർ ഓഫീസറെ നിയോഗിക്കും.
ഈ ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് ആവശ്യമുളള സാധനങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കും.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ പൊലീസുദ്യോഗസ്ഥർക്ക് ലഭ്യമാക്കണം.
ജീവിതശൈലീരോഗങ്ങളുളള 50 വയസ്സിന് മുകളിൽ പ്രായമുളളവരെ ശ്രമകരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കും. ഗർഭിണികളായ ഉദ്യോഗസ്ഥകൾക്ക് ഓഫീസ്, കമ്പ്യൂട്ടർ, ഹെൽപ് ലൈൻ ചുമതലകൾ നൽകണം.
തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രമേ ട്രാഫിക് ചുമതല നൽകാവൂ. റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിൽ പരമാവധി കുറച്ച് ആൾക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
ആഭരണങ്ങൾ ഉൾപ്പെടെ വ്യക്തിഗത ഉപയോഗത്തിനുളള വസ്തുക്കൾ മറ്റുളളവരുമായി പങ്ക് വയ്ക്കരുത്.
യൂണിഫോം ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ, എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോം തന്നെ ധരിക്കേണ്ടതാണ്.
ഫീൽഡ് ജോലിയിൽ ആയിരിക്കുമ്പോൾ റബ്ബർ ഷൂസ്, ഗം ബൂട്ട്, കാൻവാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്‌സ് ഷീൽഡ് ധരിക്കുമ്പോൾ തൊപ്പി നിർബന്ധമില്ല. മൊബൈൽ ഫോണിൽ കഴിയുന്നതും സ്പീക്കർ മോഡിൽ സംസാരിക്കണം. എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണം.
പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങൾ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും.
പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികൾ, സാംസ്‌കാരിക പരിപാടികൾ എന്നിവ ഒഴിവാക്കും.
പൊതുജനങ്ങൾ പൊലീസ് സ്റ്റേഷൻ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികൾ ഇ-മെയിൽ, വാട്‌സ് ആപ്പ് എന്നിവ മുഖേനയോ കൺട്രോൾ നമ്പർ 112 മുഖേനയോ നൽകണമെന്നും പുതിയ മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.
Story highlight: Changes in the course of police operations; The proposals will come into effect on Monday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here