കൊവിഡ് പരിശോധനയ്ക്ക് കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച ‘ വിസ്‌ക് ‘ പ്രതിരോധ വകുപ്പിലേക്കും

കൊവിഡ് പരിശോധന കൂടുതല്‍ ഫലപ്രദവും സൗകര്യ പ്രദവുമാക്കാന്‍ കളമശേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ വികസിപ്പിച്ച ‘വാക് ഇന്‍ സിമ്പിള്‍ കിയോസ്‌ക്’ എന്ന വിസ്‌ക് പ്രതിരോധ വകുപ്പിലേക്കും. വിസ്‌കിന്റെ നവീകരിച്ച മാതൃകയാണ് ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ തയാറാക്കിയിട്ടുള്ളത്. കളമശേരി മെഡിക്കല്‍ കോളജ് നിര്‍മിച്ച വിസ്‌കിന്റെ മാതൃക പരിഷ്‌കരിച്ചാണ് പുതിയ വിസ്‌കിന്റെ നിര്‍മാണം.
നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യനോഗ്രഫിക് ലബോറട്ടറിയില്‍ പുതിയ വിസ്‌കിലെ മര്‍ദ്ദ ക്രമീകരണങ്ങളും വായു സഞ്ചാരവും ഉള്‍പ്പെടെ പരിശോധിച്ച ശേഷമാണ് അനുമതി നല്‍കിയിട്ടുള്ളത്. നാവിക സേനയില്‍ പ്രതിരോധം ഉറപ്പാക്കലാണ് പുതിയ വിസ്‌കിന്റെ ആദ്യ ദൗത്യം. കളമശേരി മെഡിക്കല്‍ കോളജിലെ ആര്‍എംഒ ഡോ. ഗണേഷ് മോഹന്‍, അഡിഷണല്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് കുമാര്‍, ആര്‍ദ്രം ജില്ല അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. നിഖിലേഷ് മേനോന്‍, എആര്‍എംഒ ഡോ. മനോജ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് പുതിയ വിസ്‌കും നിര്‍മിച്ചിട്ടുള്ളത്.
ഹെലികോപ്റ്ററുകളില്‍ ഘടിപ്പിക്കാവുന്ന വിസ്‌ക് 2.0 സായുധ സേനയുടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ട് ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധന സൗകര്യങ്ങള്‍ വളരെ പരിമിതമായ സ്ഥലങ്ങളിലും വിസ്‌കിന്റെ പുതിയ മാതൃക ഉപയോഗിക്കാന്‍ സാധിക്കും. അഴിച്ചെടുക്കാവുന്നതും മടക്കാവുന്നതുമായ പുതിയ വിസ്‌കിനെ ഹെലികോപ്റ്റര്‍ വഴി ഐ
എന്‍എസ് സഞ്ജീവനിയില്‍ എത്തിച്ചു ആദ്യ പരീക്ഷണം നടത്തി.
കളമശേരി മെഡിക്കല്‍ കോളജില്‍ തദ്ദേശീയമായി വികസിപ്പിച്ച വിസ്‌ക് വിവിധ സംസ്ഥാനങ്ങളില്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. രണ്ട് മിനിറ്റില്‍ താഴെ സമയം കൊണ്ട് സാമ്പിള്‍ ശേഖരണം സുരക്ഷിതമായി പൂര്‍ത്തിയാക്കാം എന്നതാണ് വിസ്‌കിന്റെ പ്രധാന സവിശേഷത.
Story Highlights: coronavirus, Covid 19, kalamassery medical college,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here