കൊവിഡിന്റെ പേരിൽ സിപിഐഎം കളിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി

കൊവിഡിന്റെ പേരിൽ സിപിഐഎം കളിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി. ആരോഗ്യമന്ത്രിയെ നിരന്തരം പ്രശംസിക്കുന്ന ശശിതരൂർ എം.പി ക്കെതിരെ രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനമുയർന്നു. നരേന്ദ്രമോദിയും ട്രംപും നടപ്പാക്കുന്ന തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കേരളത്തിൽ പിണറായി വിജയൻ പയറ്റുന്നതെന്നും രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി.

കൊവിഡ് പരിശോധനകൾ കുറവ്, ക്വറന്റീൻ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഗുരുതര വീഴ്ച തുടങ്ങി സർക്കാരിനെതിരെ നിരവധി ആരോപണങ്ങൾ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ ഉയർന്നു. സർക്കാരിനെ തുറന്ന് കാട്ടാൻ നിരവധി അവസരങ്ങൾ ലഭിച്ചിട്ടും ഇതൊന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രീതിയിൽ തുറന്നുകാട്ടാൻ കഴിഞ്ഞില്ലെന്ന അഭിപ്രായവും ചർച്ചയായി. മുഖ്യമന്ത്രി വാർത്താസമ്മേളനങ്ങളിൽ നിരന്തരം പ്രതിപക്ഷത്തെ കടന്നാക്രമിക്കുകയാണ്. അതിനാൽ സർക്കാരിന്റെ വീഴ്ചകളും പോരായ്മകളും തുറന്നുകാണിക്കാൻ പ്രതിപക്ഷം നിരന്തരം ഇടപെടണമെന്നും അഭിപ്രായമുയർന്നു. എംപിമാരെ ക്വാറന്റീനിലാക്കിയത് വൈര്യനിര്യാതന ബുദ്ധിയെന്നും രാഷ്ട്രീയ കാര്യസമിതി വിലയിരുത്തി.

സോഷ്യൽ മീഡിയയിലെ ഇടപെടൽ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ ആകരുത്. പാർട്ടിക്ക് ഗുണം ചെയ്യുന്ന രീതിയിലാവണം. ആരോഗ്യമന്ത്രിയെ നിരന്തരം പ്രശംസിക്കുന്ന ശശിതരൂർ പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്നും രാഷ്ട്രീയകാര്യ സമിതിയിൽ വിമർശനമുയർന്നു. തൃശൂരും കോഴിക്കോടും പുതിയ ഡിസിസി അധ്യക്ഷന്മാരുടെ നിയമനം വൈകരുതെന്നും ആവശ്യമുയർന്നു.

Stor highlight: KPCC Political Committee says that CPIM’s playing in the name of covid is a cheap political one

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top