പൊതുമേഖലയെ പൊളിച്ചടുക്കി എന്ത് ആത്മനിർഭരതയെ കുറിച്ചാണ് വാചകമടിക്കുന്നത്?:രൂക്ഷ വിമർശനവുമായി എം ബി രാജേഷ്

mb rajesh

കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച കൊവിഡ് പാക്കേജിനെക്കുറിച്ച് അവലോകനവുമായി മുൻ എംപി എം ബി രാജേഷ്. ഇന്നത്തെ പ്രഖ്യാപനത്തിൽ ആശ്വസിക്കാവുന്ന രണ്ടെണ്ണമുള്ളത് സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതും തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വർധിപ്പിച്ചതുമാണെന്നും എംബി രാജേഷ്. കൂടാതെ പൊതു മേഖലയുടെ സ്വകാര്യവത്കരണത്തെക്കുറിച്ച് രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

കൂടാതെ സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയർത്തിയതിന് ഉപാധി വച്ചതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും വൈദ്യുതി വിതരണം സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകുന്നതിനെ കേരളം എതിർത്ത് വരുന്നതാണെന്നും രാജേഷ് പറയുന്നു. കൂടാതെ സ്വാശ്രയത്വത്തിന്റെ അടിത്തറ പൊതു മേഖലയാണെന്നും പൊതു മേഖലയെ പൊളിച്ചടുക്കി എന്ത് ആത്മനിർഭരതയെക്കുറിച്ചാണ് വാചകമടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. നരേന്ദ്ര മോദിയും കൂട്ടരും ആത്മ നിർഭരമാക്കുന്നത് രാജ്യത്തെയല്ല,കോർപറേറ്റുകളെ മാത്രമാണെന്നും എം ബി രാജേഷ്.

കുറിപ്പ് വായിക്കാം,

നിർമലാ സീതാരാമന്റെ പാക്കേജ് പ്രഖ്യാപന പരമ്പര ഇന്നത്തോടെ അവസാനിച്ചു. ഇന്നത്തെ പ്രഖ്യാപനങ്ങളിൽ അല്പമെങ്കിലും ആശ്വസിക്കാവുന്ന രണ്ടെണ്ണമാണുള്ളത്. (അതിന്റെ മറവിൽ കൊടും ചതികളുണ്ടുതാനും)ഒന്ന്, കേരളം ഉന്നയിച്ച ആവശ്യമായ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിന്റെ 3 ശതമാനത്തിൽ നിന്ന് വായ്പാ പരിധി 5 ശതമാനമായി ഉയർത്തണമെന്നത് ഇന്ന് അംഗീകരിച്ചിരിക്കുന്നു. ഇന്ത്യയിലാദ്യമായി കേരള മുഖ്യമന്ത്രിയാണ് ഈ ആവശ്യം ഉന്നയിച്ചത്. പിന്നീട് മറ്റു സംസ്ഥാനങ്ങളും ഈ ആവശ്യത്തെ പിന്തുണച്ചു.

പക്ഷേ പരിധി ഉയർത്തുന്നതിന് കേന്ദ്രം ഉപാധികൾ നിശ്ചയിച്ചതിന് ഒരു ന്യായീകരണവുമില്ല. പ്രത്യേകിച്ച് വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കുന്നതും പൊതുമേഖല പാടില്ലെന്നതുമടക്കമുള്ളവ. വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കണമെന്ന ആവശ്യം കേരളം ശക്തമായി എതിർത്തു വരുന്നതാണ്. ഇത് നടപ്പാക്കിയിടങ്ങളിലെല്ലാം കറൻറ് ചാർജ് കുത്തനെ കൂടിയിട്ടുണ്ട്. മാത്രമല്ല, പ്രളയവും ചുഴലിക്കാറ്റും ഉണ്ടായപ്പോഴെല്ലാം റിലയൻസ് അടക്കമുള്ള സ്വകാര്യ വൈദ്യുതി കമ്പനികൾ വൈദ്യുതി പുന:സ്ഥാപിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടതിന്റെ അനുഭവവും ഓർക്കണം. ഒറീസയും മുംബൈയുമൊക്കെ ഉദാഹരണങ്ങളാണ്. എന്നാൽ കേരളത്തിൽ പ്രളയകാലത്ത് പൊതു മേഖലാ സ്ഥാപനമായ കെഎസ്ഇബിയുടെ കാര്യക്ഷമമായ പ്രവർത്തനം എല്ലാവരും ശ്ലാഘിച്ചതാണല്ലോ. സംസ്ഥാനങ്ങൾ എടുക്കുന്ന വായ്പയുടെ മുതലും പലിശയും അവർ തന്നെയാണ് തിരിച്ചടക്കുന്നത് എന്നിരിക്കെ ഉപാധി വയ്ക്കാൻ കേന്ദ്രത്തിന് എന്ത് അധികാരം? കേന്ദ്രത്തിന്റെ കോളനികളാണോ സംസ്ഥാനങ്ങൾ? ഫെഡറൽ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണിത്. ഒരു സംസ്ഥാനത്തേയും കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായ ബദൽ നയങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ലെന്ന ശാഠ്യമാണിത്.

രണ്ടാമത്തേത്, തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം 40,000 കോടി വർധിപ്പിച്ചതാണ്. അൽപം ആശ്വാസം എന്നേ പറയാനാവൂ. ഇപ്പോഴും അങ്ങേയറ്റം അപര്യാപ്തമാണ്. കാരണം ഈ തുക പോലും പ്രതിവർഷം 65 ദിവസത്തെ തൊഴിലിന് മാത്രമേ തികയു. നിയമപ്രകാരം തന്നെ 100 ദിവസത്തെ തൊഴിൽ കൊടുക്കേണ്ടതാണ്. ആ പരിധി എടുത്തു കളഞ്ഞ് വർഷം മുഴുവൻ തൊഴിൽ കൊടുക്കാനാവും വിധം വ്യവസ്ഥകൾ മാറ്റേണ്ടതായിരുന്നു. നിയമാനുസൃതം തൊഴിൽ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ നഷ്ട പരിഹാരം നൽകണമെന്ന നിയമത്തിലെ വ്യവസ്ഥയും നടപ്പാക്കേണ്ടതായിരുന്നു. ഈ ദുരന്തകാലത്ത് പാവപ്പെട്ടവരുടെ കയ്യിൽ പണമെത്തിക്കാൻ കുലിയുടെ ഒരു വിഹിതം അഡ്വാൻസായി കൊടുക്കുകയെങ്കിലും ചെയ്യാമായിരുന്നു. നഗര മേഖലയിൽ സമാനമായ തൊഴിലുറപ്പു പദ്ധതിയും നടപ്പാക്കേണ്ടതായിരുന്നു. . സിപിഐ(എം) ആവശ്യപ്പെട്ട പോലെ 7500 രൂപ ക്യാഷ് ട്രാൻസ്ഫറൊന്നും സർക്കാർ നടപ്പാക്കാത്ത സാഹചര്യത്തിൽ ഇത്രയെങ്കിലും ചെയ്യേണ്ടതായിരുന്നു. അതുപോലുമുണ്ടായിട്ടില്ല.

കേന്ദ്രത്തിന്റെ മുൻഗണന ജനങ്ങൾക്ക് ആശ്വാസമെത്തിക്കലല്ല. പൊതുമേഖലയെ വിറ്റുതുലക്കൽ മാത്രമാണ്. പൊതു മേഖല തന്ത്രപ്രധാന മേഖലകളിൽ മാത്രം മതിയെന്നും അതു തന്നെ പരമാവധി നാല് മാത്രമേ പാടു എന്നതൊക്കെ കൊവിഡിനെ നേരിടാനല്ല കോർപറേറ്റുകളെ സഹായിക്കാനാണ്.

read also:

കൊവിഡ് കാലത്ത് ലോകമാകെ തിരിച്ചറിഞ്ഞ പാഠം പൊതുമേഖലയുടെ നിർണായക പ്രാധാന്യത്തെക്കുറിച്ചുള്ളതാണ്. കോവിഡിനെ നേരിടാൻ സ്‌പെയിനും ഫ്രാൻസുമൊക്കെ ആശുപത്രികളും അവശ്യ വ്യവസായങ്ങളുമൊക്കെ ദേശാസൽക്കരിച്ചപ്പോഴാണ് മോദി ഇതേ സമയം എല്ലാം സ്വകാര്യവൽക്കരിക്കുന്നത്. ജില്ലാ ആശുപത്രികളിൽ പകർച്ചവ്യാധി വാർഡ്, ബ്ലോക്ക് തലത്തിൽ പൊതുജനാരോഗ്യ ലാബ് എന്നീ പ്രഖ്യാപനങ്ങളുമുണ്ട്. പക്ഷേ ഫണ്ടില്ല. സ്വകാര്യ മേഖലയിലാണെന്നർത്ഥം. കേരളം കോവിഡിനെ ഫലപ്രദമായി നേരിട്ടത് പൊതു ആരോഗ്യ സംവിധാനങ്ങളുടെ കരുത്തിലാണെന്നോർക്കണം. ഇവിടെ ലാബ് ബ്ലോക്കിലല്ല, ഓരോ കുടുംബാരോഗ്യ കേന്ദ്രത്തിലുമുണ്ട്. എല്ലാ ജില്ലകളിലും ഐസലേഷൻ വാർഡുമുണ്ട്.

കേരള മാതൃകയും ലോകം പഠിച്ച പാഠവുമൊന്നും മോദിക്ക് ബാധകമല്ല. സ്വാശ്രയത്വത്തിന്റെ അടിത്തറ പൊതു മേഖലയാണെന്നത് ഒരു ബാലപാഠമാണ്. പൊതു മേഖലയെ പൊളിച്ചടുക്കി എന്ത് ആത്മനിർഭരതയെക്കുറിച്ചാണ് വാചകമടിക്കുന്നത്? മോദിയും കൂട്ടരും ആത്മ നിർഭരമാക്കുന്നത് രാജ്യത്തെയല്ല, കോർപറേറ്റുകളെ മാത്രമാണ്.

Story highlights-mb rajesh, fb post, athmanirbhar bharat

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top