കൊവിഡ് രോഗിയുമായി എ സി മൊയ്തീൻ സമ്പർക്കം പുലർത്തിയതിന് തെളിവില്ല; അനിൽ അക്കരെയുടെ പരാതിയിൽ നടപടി ആവശ്യമില്ലെന്ന് മെഡിക്കൽ ബോർഡ്

കൊവിഡ് രോഗിയുമായി മന്ത്രി എ സി മൊയ്തീൻ സമ്പർക്കം പുലർത്തിയെന്ന് കാണിച്ച് അനിൽ അക്കര എംഎൽഎ പരാതിയിൽ കൂടുതൽ നടപടി ആവശ്യമില്ലെന്ന് തൃശൂർ ജില്ലാ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട്. ഡിഎംഒയ്ക്ക് നൽകിയ പരാതിയിലാണ് ഗുരുവായൂരിലെ ക്വാറന്റീൻ സെന്ററിൽ വച്ച് മന്ത്രി കൊവിഡ് രോഗിമായി സമ്പർക്കം പുലർത്തിയെന്ന് ആരോപിച്ചത്. കൊവിഡ് പോസിറ്റീവായ അഞ്ച് പേരിൽ നിന്ന് ലഭിച്ച സത്യവാങ്മൂലത്തിന്റെയും ദൃശ്യങ്ങൾ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ മന്ത്രി കൊവിഡ് പോസിറ്റീവ് ആയവരുമായി നേരിട്ട് സമ്പർക്കം പുലർത്തിയതിന് തെളിവില്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
മെയ് 14ന്റെ മെഡിക്കൽ ബോർഡ് തീരുമാന പ്രകാരം തന്നെ, മന്ത്രി അപകട സാധ്യത കുറഞ്ഞ ദ്വിതീയ സമ്പർക്ക വിഭാഗത്തിലും അതുപ്രകാരമുള്ള നിയന്ത്രണങ്ങളിലുമാണ്. അതുകൊണ്ട് തന്നെ കൂടുതൽ നടപടികൾ ആവശ്യമില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം മൂലം ഹോം ക്വാറന്റീൻ നിർദേശിക്കപ്പെട്ട ജനപ്രതിനിധി പങ്കെടുത്ത യോഗത്തിൽ പങ്കെടുത്ത മന്ത്രി എ സി മൊയ്തീൻ ഉൾപ്പെടെയുള്ളവരെല്ലാം മെയ് 26 വരെ മെഡിക്കൽ ബോർഡ് നിർദേശിച്ച നിയന്ത്രണങ്ങളിലാണ്.
അതേസമയം മന്ത്രിക്ക് ക്വാറന്റീൻ വേണ്ടതില്ലെന്ന തൃശൂരിലെ മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി എൻ പ്രതാപൻ എംപിയും അനിൽ അക്കര എംഎൽഎയും നാളെ രാവിലെ പത്ത് മുതൽ 24 മണിക്കൂർ നിരാഹാര സമരം നടത്തും.
covid, a c moideen, anil akkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here