‘ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ട, ഇഡിക്ക് മുന്നില്‍ പകച്ചുപോകുന്ന പ്രസ്ഥാനമല്ല സിപിഐഎം’ ; എ സി മൊയ്തീന്‍

ഇഡിയെ കാണിച്ച് പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് എ സി മൊയ്തീന്‍. ഇഡിക്ക് മുന്നില്‍ പകച്ചു പോകുന്ന പ്രസ്ഥാനമല്ല സിപിഐഎമ്മെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പടുത്തപ്പോള്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനുള്ള ശ്രമമാണ് ബിജെപിയുടേത്. റോഷനെയും എംഎസ് വര്‍ഗീസിനെയും അറിയില്ലെന്നും എ സി മൊയ്തീന്‍ വ്യക്തമാക്കി. കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് അന്തിമ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിപിഐഎം പാര്‍ട്ടിയെയും തൃശ്ശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെയടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. മുന്‍മന്ത്രി എ സി മൊയ്തീന്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിക്കുന്നതിന് കൂട്ടുനിന്നു എന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
ഇഡി കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് മാധ്യമങ്ങളിലൂടെയറിഞ്ഞു. വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ഇഡിയുടെ നിലപാടെന്താണെന്ന് രാജ്യവും കോടതിയും കേരളവും ഇപ്പോള്‍ വിലയിരുത്തിയിട്ടുണ്ട്. എറണാകുളത്തെ ഇ ഡി ഓഫീസ് കേന്ദ്രീകരിച്ച് കേസുകള്‍ ഒതുക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഇഡി തുറന്നു കാട്ടപ്പെട്ടിട്ടുണ്ട്. ഭരണകക്ഷിയുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുള്ള അന്വേഷണ ഏജന്‍സിയാണെന്ന് സുപ്രീംകോടതി ഉള്‍പ്പടെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.
Read Also:അന്‍വറിന് വഴങ്ങിയില്ല; നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയാകും; പ്രഖ്യാപനം ഉടന്‍
കരുവന്നൂര്‍ കേസില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ല. കരുവന്നൂര്‍ ബാങ്കില്‍ പ്രശ്‌നങ്ങള്‍ നടന്നിട്ടില്ല എന്ന് പറയില്ല. അതില്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിച്ചതാണ്. പിന്നീട് പൊലീസ് നടപടിയുണ്ടായി. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് ഇഡി വന്നത്. ഇഡി നടത്തിയ അന്വേഷണത്തില്‍ പ്രധാന പ്രതികളായ ആളുകളെ മാപ്പ് സാക്ഷിയാക്കുകയാണ്. ആ മാപ്പ് സാക്ഷികളെ വച്ചുകൊണ്ടാണ് പാര്‍ട്ടി നേതാക്കളെ വേട്ടയാടാന്‍ ശ്രമിക്കുന്നത് – എ സി മൊയ്തീന്‍ വ്യക്തമാക്കി.
ഒരു രാഷ്ട്രീയപാര്‍ട്ടിയെ തന്നെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന അസാധാരണത്വം നിറഞ്ഞ കുറ്റപത്രമാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചത്. എ സി മൊയ്തീന്‍ എംഎല്‍എ, എംഎം വര്‍ഗീസ്, കെ രാധാകൃഷ്ണന്‍ എംപി എന്നീ മുന്‍ ജില്ലാസെക്രട്ടറിമാരും ഇഡിയുടെ അന്തിമ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികള്‍ക്ക് അന്യായമായി ലോണ്‍ സമ്പാദിച്ച് ബാങ്കിനെ ചതി ചെയ്യാന്‍ സഹായം ചെയ്തുകൊടുക്കുകയും പ്രതികള്‍ തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ പങ്ക് പറ്റിയെന്നും സിപിഐഎമ്മിനെതിരെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. തൃശൂര്‍ ജില്ലാ സെക്രട്ടറി ആയിരിക്കെ കെ രാധാകൃഷ്ണനും, എം എം വര്‍ഗീസും പ്രതികള്‍ക്ക് അനധികൃതമായി ലോണ്‍ തരപ്പെടുത്താന്‍ സഹായം ചെയ്തു നല്‍കി എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.
Story Highlights : A. C. Moideen about ED indictment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here