പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് പാടില്ല; വിയർപ്പ് ഉപയോഗിക്കാം: നിർദ്ദേശങ്ങളുമായി ഐസിസി നിയമിച്ച പാനൽ

കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് മുൻ ഇന്ത്യൻ താരവും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ. പന്തിന് തിളക്കം കൂട്ടാൻ ഉമിനീര് ഉപയോഗിക്കാൻ പാടില്ല എന്നാണ് പാനലിൻ്റെ പ്രധാന നിർദ്ദേശം. എന്നാൽ, വിയർപ്പ് ഉപയോഗിക്കുന്നതിന് പ്രശ്നങ്ങളില്ലെന്നും അത് അനുവദിക്കാമെന്നും പാനൽ നിർദ്ദേശിക്കുന്നു.
Read Also: കൊവിഡ് 19നു ശേഷമുള്ള ക്രിക്കറ്റ്: ‘പന്ത് ചുരണ്ടൽ’ അനുവദനീയമാക്കാൻ ആലോചന
യാത്രാവിലക്ക് നേരിടുന്നതിനായി മത്സരങ്ങളിൽ അതാത് രാജ്യത്ത് നിന്നുള്ള മാച്ച് ഒഫീഷ്യലുകളെ നിയോഗിക്കണം. അസാധാരണ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നതിനാൽ എല്ലാവരുടെയും സുരക്ഷ ഐസിസി ഉറപ്പാണമെന്നും ക്രിക്കറ്റിന്റെ സാങ്കേതിക വശങ്ങള്‍ പരിശോധിക്കുന്ന ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ നിർദ്ദേശിച്ചു. കളിയുടെ തീവ്രത നഷ്ടപ്പെടാതിരിക്കേണ്ടത് അത്യാവശ്യമാണെന്നും അതിനുള്ള സാധ്യതകൾ ആലോചിക്കേണ്ടതാണെന്നും കമ്മറ്റി കൂടിക്കാഴ്ചക്ക് ശേഷം കുംബ്ലെ പ്രതികരിച്ചു.
ഉമിനീര് ഉപയോഗിക്കുന്നതിലെ അപകടം ഐസിസി മെഡിക്കല്‍ അഡൈ്വസറി കമ്മിറ്റി തലവന്‍ ഡോ പീറ്റര്‍ ഹാര്‍കോര്‍ട്ട് വിശദീകരിച്ചിരുന്നു. ഇതോടെയാണ് പാനൽ ഉമിനീര് വിലക്കാനുള്ള നിർദ്ദേശം ഐസിസിക്ക് മുന്നിൽ വെച്ചത്. വിയർപ്പിലൂടെ രോഗബാധയുണ്ടാവാനുള്ള സാധ്യത വളരെ വിരളമാണെന്ന് മെഡിക്കൽ അഡ്വൈസറി കമ്മറ്റി കണ്ടെത്തിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പന്തിനു തിളക്കം കൂട്ടാൻ വിയർപ്പ് ഉപയോഗിക്കാമെന്ന് പാനൽ നിർദ്ദേശം നൽകിയത്.
Read Also: എനിക്ക് മുൻപും ശേഷവും ഒത്തുകളിച്ചവരുണ്ട്; അവർ പാക് ക്രിക്കറ്റ് ബോർഡിൽ ഉണ്ട്: മുഹമ്മദ് ആസിഫ്
മുൻ താരങ്ങളായ രാഹുൽ ദ്രാവിഡ്, മഹേല ജയവർധനെ, ആൻഡ്രൂ സ്ട്രോസ്, ബെലിൻഡ ക്ലാർക്ക്, ശ്രീലങ്കൻ പരിശീലകൻ മിക്കി ആർതർ, അമ്പയർ റിച്ചാർഡ് ഇല്ലിംഗ്‌വർത്ത് തുടങ്ങിയവരാണ് പാനൽ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നത്. ഈ വരുന്ന 28ന് നടക്കുന്ന ഐസിസി ബോർഡ് അംഗങ്ങളുടെ കൂടിക്കാഴ്ചയിൽ പാനൽ നിർദ്ദേശിച്ച പുതിയ മാറ്റങ്ങൾ ചർച്ച ചെയ്യും.
Story Highlights: icc saliva for ball shining
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here