തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്

covid test

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക് വീതം
ആറ് രോഗികളും പുറത്ത് നിന്നെത്തിയവരാണ്. തിരുവനന്തപുരത്തെ രോഗികളിൽ ഒരാൾ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ഇന്നലെ കുവൈറ്റിൽ നിന്നുള്ള വിമാനത്തിൽ എത്തിയ കൊച്ചുവേളി സ്വദേശിയാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ. അൻപത് വയസുകാരനായ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിൽ നിന്ന് ഈ മാസം 19ന് എത്തിയ പാറശാല സ്വദേശിക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. 40 കാരനായ ഇയാൾ റോഡുമാർഗം വരുമ്പോൾ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ ആദ്യത്തെയാൾ അബുദാബിയിൽ നിന്ന് എത്തിയ തിരുമുല്ലവാരം സ്വദേശിയാണ്. 63 കാരനായ ഇയാൾ ഈ മാസം 16 നാണ് നാട്ടിലെത്തിയത്. ആന്ധ്രാപ്രദേശിൽ നിന്ന് നാട്ടിൽ എത്തിയ 30 കാരനായ കുരിയോട്ടുമല സ്വദേശിയാണ് കൊല്ലത്ത് രോഗം സ്ഥിരീകരിച്ച രണ്ടാമൻ. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

read also: തമിഴ്‌നാട്ടിൽ 776 പേർക്ക് കൂടി കൊവിഡ്; ഇന്ന് മാത്രം ഏഴ് മരണം

ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ചതിൽ ഒരാൾ മാവേലിക്കര താലൂക്ക് സ്വദേശിയായ 60 വയസുകാരനാണ്. മെയ് ഒമ്പതിന് കുവൈറ്റിൽ നിന്ന് എത്തിയ ഇയാളെ നേരത്തെ ചെറിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രോഗലക്ഷണങ്ങൾ മാറിയതിനെ തുടർന്ന് 11 ന് ആലപ്പുഴ ജില്ലയിലെ കൊവിഡ് കെയർ സെന്ററിലേക്ക് മാറ്റി. മെയ് 13 ന് ചെന്നൈയിൽ നിന്നുമെത്തിയ ചെങ്ങന്നൂർ ബ്ലോക്ക് സ്വദേശിക്കും ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇയാൾ ഗൃഹ നിരീക്ഷണത്തിലായിരുന്നു. ഇരുവരെയും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

story highlights- coronavirus, covid 19, trivandrum, kollam, alappuzha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top