Advertisement

മലയാളത്തിന്റെ സ്വന്തം മോഹൻലാലിന് ഇന്ന് അറുപതാം പിറന്നാൾ

May 21, 2020
1 minute Read
mohanlal

മലയാളത്തിന്റെ അഭിനയ വിസ്മയം മോഹൻലാലിന് ഇന്ന് പിറന്നാൾ. മലയാളികളുടെ ലാലേട്ടന് ഇന്ന് അറുപത് തികയുന്നു. നിരവധി സിനിമകളിലൂടെ ലോകമെമ്പാടും ഉള്ള പ്രേക്ഷകരുടെ മനസിലിടം നേടാൻ മോഹൻലാലിന് സാധിച്ചു. എണ്ണിത്തീരാൻ കഴിയാത്ത അത്രയും അഭിനയത്തിന്റെ മാസ്മരിക മുഹൂർത്തങ്ങളാണ് നാല് പതിറ്റാണ്ടിൽ ഏറെയായി മോഹൻലാൽ പ്രേക്ഷകർക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്.

നിരവധി അവാർഡുകളും ബഹുമതികളും ഇക്കാലയളവിൽ അഭിനയ രാജാവിനെ തേടിയെത്തി. മലയാള സിനിമാ ലോകവും ലോകമെമ്പാടുമുള്ള മലയാളി സമൂഹവും താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ അഭിനേതാവ് ഇന്ത്യയിലെ ഇതര ഭാഷകളിലും നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകി, അവിടെയുള്ള ആളുകൾക്കും രോമാഞ്ചം ഉണർത്തുന്ന മുഹൂർത്തങ്ങൾ മോഹന്‍ലാല്‍ വെള്ളിത്തിരയിൽ സമ്മാനിച്ചു. ആക്ഷൻ രംഗങ്ങളായാലും റൊമാന്റിക് രംഗങ്ങളായാലും ഇമോഷണൽ സീനുകളായാലും മോഹൻലാലിന് പകരം വയ്ക്കാന്‍ മലയാള സിനിമയിൽ ആരുമില്ല. ഇന്ത്യൻ സിനിമയിലെ തന്നെ കഴിവുറ്റ നടന്മാരിൽ പ്രമുഖ നിരയിലാണ് മോഹൻലാലിന്റെ സ്ഥാനം.

ലോക്ക് ഡൗൺ ആയതിനാൽ പിറന്നാളിന് വലിയ ആഘോഷങ്ങളൊന്നും ഇല്ല മലയാളത്തിന്റെ പ്രിയപ്പെട്ട ലാലേട്ടന്. ചെന്നൈയിലെ വീട്ടിൽ ഭാര്യ സുചിത്രക്കും മകൻ പ്രണവിനുമൊപ്പമാണ് മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്നത്. മകൾ വിസ്മയ പുറംരാജ്യത്താണ്. രണ്ട് മാസത്തോളമായി ചെന്നൈയിൽ തന്നെയാണ് മോഹൻലാൽ. അമ്മ ശാന്തകുമാരിയുടെ ഒപ്പം പിറന്നാൾ ആഘോഷിക്കാൻ വിചാരിച്ചുവെങ്കിലും മോഹൻലാലിന് അമ്മയ്ക്ക് അടുത്തേക്ക്, കൊച്ചിയിൽ എത്താൻ സാധിച്ചില്ല.

1960ൽ മെയ് 21ന് പത്തനംതിട്ടയിലാണ് മോഹൻലാൽ ജനിച്ചത്. ഇലന്തൂർ ഗ്രാമത്തിൽ ജനിച്ച മോഹൻലാൽ വളർന്നതും പഠിച്ചതും തിരുവനന്തപുരത്താണ്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) എന്ന സിനിമയിലെ വില്ലൻ കഥാപാത്രം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തു. ക്രമേണ നായക വേഷങ്ങളിൽ മോഹൻലാൽ തിളങ്ങാൻ തുടങ്ങി. പിന്നീട് എത്രയോ കഥകളിലെ കഥാപാത്രങ്ങളായി അരങ്ങിൽ നടന വിസ്മയം തീർത്തു മോഹൻലാൽ. ചെയ്ത എല്ലാ കഥാപാത്രങ്ങളിലും അദ്ദേഹം തനതായ അഭിനയശെെലിയുടെ പരകായപ്രവേശം തന്നെയാണ് നടത്തിയത്.

കേരളാ മുഖ്യമന്ത്രി പിണറായി വിജയനും അഭിനയ കുലപതിക്ക് പിറന്നാൾ ആശംസകൾ നേർന്നു. മോഹൻലാലിന് ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്നും മുഖ്യമന്ത്രി ആശംസ സന്ദേശത്തിൽ പറഞ്ഞു. ആപത് ഘട്ടത്തിൽ സഹജീവികളെ സഹായിക്കാനും മടിക്കാറില്ല മലയാളത്തിന്റെ ലാലേട്ടൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ താരം സംഭാവന നൽകിയിരുന്നു.

read also:ആരോഗ്യ പ്രവർത്തകർക്ക് ഒപ്പം സമയം ചെലവിട്ട് മോഹൻലാൽ

അടുത്തതായി മോഹൻലാലിന്റെതായി പ്രഖ്യാപിക്കപ്പെട്ടത് ദൃശ്യം സിനിമയുടെ രണ്ടാം ഭാഗമാണ്. ദൃശ്യത്തിന്റെ ആദ്യ ഭാഗം സൂപ്പർ ഹിറ്റായിരുന്നു. സംവിധായകൻ ജിത്തു ജോസഫും മോഹൻലാലും സിനിമയിലൂടെ വീണ്ടും ഒന്നിക്കുകയാണ്. താരത്തിന്റെ ഇനിയുള്ള സിനിമകൾക്കായും പ്രേക്ഷകർ കണ്ണും നട്ടുകാത്തിരിക്കുന്നു… ഹാപ്പി ബർത്ത് ഡേ ലാലേട്ടാ…

Story highlights-mohanlal,60th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top