കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കും

Infrared walk through thermal scanners at four airports in Kerala

സംസ്ഥാനത്തെ നാല് പ്രധാന വിമാനത്താവളങ്ങളിലും ഒരു റെയില്‍വേ സ്റ്റേഷനിലും ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. ഇതിനായി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന എട്ടു ഇന്‍ഫ്രാറെഡ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ കേരളം വാങ്ങിയതായും മന്ത്രി വ്യക്തമാക്കി. കെഎംഎസ്‌സിഎല്‍ മുഖേനയാണ് സ്‌കാനറുകള്‍ വാങ്ങിയത്. തിരുവനന്തപുരം വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം) നെടുമ്പാശേരി വിമാനത്താവളം, കോഴിക്കോട് വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കണ്ണൂര്‍ വിമാനത്താവളം (അന്താരാഷ്ട്രം, ആഭ്യന്തരം), കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണ് വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നത്.

കൊവിഡ് 19 വ്യാപന കാലത്ത് തിരക്കേറിയ എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍, മറ്റ് പ്രധാന ഓഫീസ് സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലെത്തുന്നവരുടെ ശരീര ഊഷ്മാവ് പ്രത്യേകം പരിശോധിക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടുണ്ട്. ഇത് പരിഹരിക്കാനാണ് നൂതന സാങ്കേതികവിദ്യയുള്ള തെര്‍മ്മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ വാക്ക് ത്രൂ തെര്‍മല്‍ സ്‌കാനറുകള്‍ ഉപയോഗിച്ച് ഒരു വഴിയിലൂടെ കടന്നുപോകുന്ന ഒന്നില്‍ കൂടുതല്‍ ആളുകളുടെ ശരീര ഊഷ്മാവ് ഒരേസമയം പരിശോധിക്കാനാകും. ഈ ഉപകരണത്തിന്റെ കപ്പാസിറ്റി അനുസരിച്ച് മൂന്ന് മീറ്റര്‍ ചുറ്റളവില്‍ ഏകദേശം 10 ആള്‍ക്കാരുടെ വരെ ശരീര ഊഷ്മാവ് വേര്‍തിരിച്ച് കാണാന്‍ സാധിക്കും. കൂടാതെ ഓരോരുത്തരുടേയും മുഖം പ്രത്യേകം ക്യാമറയില്‍ ചിത്രീകരിക്കാനും കഴിയും. ആളുകളുടെ ശരീരത്തില്‍ സ്പര്‍ശിക്കാതെ ശരീര ഊഷ്മാവ് കണ്ടെത്താന്‍ ഇന്‍ഫ്രാറെഡ് ക്യാമറയാണ് ഉപയോഗിക്കുന്നത്. ആളുകള്‍ ഏകദേശം 3.2 മീറ്റര്‍ ദൂരത്ത് എത്തുമ്പോള്‍ തന്നെ ശരീര ഊഷ്മാവും മുഖച്ചിത്രവും ലഭിക്കും. തുടര്‍ന്ന് താപവ്യതിയാനമുള്ള ഓരോ വ്യക്തിയേയും നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിയാനും തുടര്‍ന്ന് മറ്റ് പരിശോധനകള്‍ക്ക് മാറ്റാനും സാധിക്കും.

മെഷീനൊപ്പം ലഭ്യമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ ശരീര ഊഷ്മാവ് സാധാരണ നിലയിലുള്ളവരുടേയും വ്യതിയാനമുള്ളവരുടേയും ചിത്രം തനിയെ പകര്‍ത്തും. ഉപകരണത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ എണ്ണവും കണക്കാക്കും. മറ്റ് താപനില കൂടിയ ഉപകരണങ്ങളെ തിരിച്ചറിയുകയും അവയെ ആളുകളുടെ എണ്ണത്തില്‍ നിന്നും ഒഴിവാക്കുകയും ചെയ്യും. താപനില കൂടിയ ആള്‍ക്കാരെ കണ്ടുപിടിച്ചാലുടന്‍ ഉപകരണം ശബ്ദ മുന്നറിയിപ്പും നല്‍കും. ആളുകള്‍ കൂടുതലായി വന്നുപോകുന്ന ഏത് സ്ഥലത്തും ഓരോരുത്തരുടേയും ശരീര ഊഷ്മാവ് പ്രത്യേകം കണ്ടെത്തുന്നതിന് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിക്കാനാവും.

 

Story Highlights: Infrared walk through thermal scanners at four airports in Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top