കാസർഗോഡ് കൊവിഡ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിൽ നിന്ന് വന്ന ഏഴ് പേർക്ക്

കാസർഗോഡ് ജില്ലയിൽ ഇന്ന് ഏഴ് കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് വന്ന ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ അഞ്ച് പേർ ഒരു വാഹനത്തിൽ ജില്ലയിൽ എത്തിയവരാണ്. ആകെ 2648 പേരാണ് ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളത്. 60 പേർ ഇന്ന് നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു.
മഹാരാഷ്ട്രയിൽ നിന്ന് വന്ന പുത്തിഗെ സ്വദേശിയായ 57 വയസുകാരൻ, മുളിയാർ സ്വദേശിയായ 42 വയസുകാരൻ, കുമ്പള സ്വദേശികളായ അഞ്ച് പേർ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഇതിൽ കുമ്പള സ്വദേശികൾ എല്ലാവരും ഒരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവർ ആണ്. ഇതിൽ രണ്ട് പേർ സഹോദരങ്ങളും. രോഗം സ്ഥിരീകരിച്ച എല്ലാവരെയും ഉക്കിനടുക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.
Read Also: കൊവിഡ് കാലത്ത് ഇതരസംസ്ഥാനങ്ങള്‍, വിദേശത്തു നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജില്ലയിൽ ഇപ്പോൾ ആകെ നിരീക്ഷണത്തിൽ ഉള്ളത് 2648 പേരാണ്. വീടുകളിൽ 2161 പേരും ആശുപത്രികളിൽ 487 പേരും ആണ് നിരീക്ഷണത്തിൽ ഉള്ളത്. ആകെ 445 പേരാണ് കൊവിഡ് കെയർ സെന്ററുകളിൽ നീരിക്ഷണത്തിലുള്ളത്.
അതേസമയം സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ സ്വദേശികളായ 12 പേർക്കും, കാസർഗോഡ് സ്വദേശികളായ ഏഴ് പേർക്കും, കോഴിക്കോട്, പാലക്കാട് സ്വദേശികളായ അഞ്ച് പേർക്ക് വീതവും, തൃശൂരിൽ മൂന്ന് പേർക്കും, മലപ്പുറം സ്വദേശികളായ നാല് പേർക്കും, കോട്ടയം സ്വദേശികളായ രണ്ട് പേർക്കും, കൊല്ലം, പത്തനംതിട്ട, വയനാട് സ്വദേശികളായ ഓരോരുത്തർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേർക്ക് ഇന്ന് കൊവിഡ് ഭേദമായതായും മുഖ്യമന്ത്രി അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here